നരസിപ്പുഴ കരകവിഞ്ഞു: നെയ്ക്കുപ്പ കോളനിയിൽ വെള്ളം കയറി
1424613
Friday, May 24, 2024 5:39 AM IST
നടവയൽ: കനത്ത മഴയിൽ നരസിപ്പുഴ കരകവിഞ്ഞ് നെയ്ക്കുപ്പ കോളനിയിൽ വെള്ളം കയറി. ഇന്നലെ വെളുപ്പിനാണ് പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയത്. നിരവധി വീടുകളുടെ തറ കുത്തൊഴുക്കിൽ തകർന്നു. നരസിപ്പുഴ കരയിൽ താമസിക്കുന്ന 36 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് കഴിയുന്നത്.
നരസിപ്പുഴക്കരയിൽ നിന്നും തങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന നെയ്കുപ്പ കോളനിക്കാർക്ക് ഇത്തവണയും പെരും മഴ ദുരിതങ്ങൾ മാത്രമാണ് നൽകുന്നത്.
പൂതാടി പഞ്ചായത്ത് ഒന്നാം വാർഡ് നെയ്കുപ്പ നരസിപുഴക്കരയിൽ ഒന്പത് ജനറൽ വീടുകളും ആദിവാസികൾ അടക്കം 35 കുടുംബങ്ങൾ ആണ് കഴിയുന്നത്. ഓരോ വർഷവും ഇവിടെ തന്നെ വീണ്ടും വീടുകൾ പഞ്ചായത്തും ട്രൈബൽ വകുപ്പും അനുവദിക്കുകയും ചെയ്യുന്നു. നരസി പുഴയും വീടുകളും തമ്മിൽ രണ്ട് മീറ്റർ ദൂരവ്യത്യാസം മാത്രമാണ് ഉള്ളത്. ചെറിയ ഒരു മഴ പെയ്താൽ കോളനിയുടെ മുറ്റത്ത് കൂടി വെള്ളം കയറി ഒഴുകും. മഴക്കാലത്താണ് ഇതിന്റെ ദുരിതം ഏറ്റവും അനുഭവിക്കുക.
കോളനി വീടുകളുടെ ഒരു വശം വയലും മറുവശം പുഴയുമാണ്. വെള്ളം പുഴയിൽ ഉയർന്ന് ഒഴുകുന്നതോടെ വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങും. തുടർന്ന് റവന്യു അധികൃതർ എത്തി നടവയലിലെ ക്യാന്പിലേക്ക് ആളുകളെ മാറ്റും. വെള്ളം ഇറങ്ങുന്നതോടെ വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് ഇവർ തിരിച്ചു പോകുകയും ചെയ്യും.
കഴിഞ്ഞ രാത്രി വീണ്ടും വെള്ളം എത്തിയതോടെ കൈയ്യിൽ ഉള്ള സാധനങ്ങളും പിഞ്ചു കുട്ടികളേയും എടുത്ത് ഇവർക്ക് മാറേണ്ടി വന്നു. ദുരിത ജീവിതം മടുത്തുവെന്ന് കോളനിയിലെ ജാനു പറയുന്നു. വീടിന്റെ അടിത്തറ മുഴുവൻ കുത്തൊഴുക്കിൽ തകർന്നു. ഭിത്തികൾ വെള്ളത്തിൽ കുതിർന്ന് ബലക്ഷയം ഉള്ള വീട്ടിൽ ഭീതിയോടെയാണ് ഓരോ കുടുംബങ്ങളും കഴിയുന്നത്.
മറ്റൊരു സ്ഥലം കണ്ടെത്തി വീടുകൾ കോളനി പോലെ തന്നെ നിർമിച്ച് നൽകിയാൽ ഇവർ പുഴക്കരയിലെ ജീവിതം അവസാനിപ്പിക്കും. സർക്കാരോ പഞ്ചായത്തോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
മരം കടപുഴകി ഗതാഗതം തടസപ്പെട്ടു
മരിയനാട്: കാറ്റിലും മഴയിലും മരിയനാട് വൻമരം കടപുഴകി ഗതാഗതം സ്തംഭിച്ചു. മരിയനാട് വളഞ്ചേരി കോളേരി റൂട്ടിലാണ് ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാവിലെ ബത്തേരിയിൽ നിന്നു ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി മരം മുറിച്ച് നീക്കി. ഈ റൂട്ടിൽ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തി നില്ക്കുന്നത്.
സംരക്ഷണഭിത്തി തകർന്നു
പുൽപ്പള്ളി: കനത്ത മഴയിൽ വീടിനോട് ചേർന്ന സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞുവീണു. ഓട്ടോറിക്ഷാ തൊഴിലാളിയായ കുളത്തൂർ ചുമതയിൽ ഏബ്രഹാമിന്റെ പുരയിടത്തിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് ഏബ്രഹാം വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംരക്ഷണ ഭിത്തിയും മതിലും തകർന്നത് കാണുന്നത്. ഏബ്രഹാമിന്റെ വീടിന്റെ ചുമരുകൾക്ക് വലിയ വിള്ളലുകളും വന്നിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചവരെ ശക്തമായ മഴയായിരുന്നു ഈ മേഖലയിൽ. ഒന്നരയാൾ ഉയരത്തിൽ നിർമിച്ച സംരക്ഷണ ഭിത്തി തകർന്നതോടെ തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിലാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏബ്രഹാം വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും അപേക്ഷ നൽകിയിട്ടുണ്ട്.
മഴക്കെടുതി: തദേശസ്വയംഭരണ വകുപ്പ് കണ്ട്രോൾ റൂം തുറന്നു
കൽപ്പറ്റ: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് കണ്ട്രോൾ റൂം തുറന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്.
മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് 0471 2317214 എന്ന ഫോണ് നന്പറിൽ വിവരങ്ങൾ അറിയിക്കാം.
പൊതുജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു.