മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞു
1424226
Wednesday, May 22, 2024 6:13 AM IST
മാനന്തവാടി: മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണത് പ്രദേശവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നു. മാനന്തവാടി നഗരസഭയിലെ വരടിമൂല രാജീവ് ഗാന്ധി റോഡിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മതിൽ ഇടിഞ്ഞ് കല്ലുകൾ റോഡിലേക്ക് പതിച്ചത്.
കഴിഞ്ഞ ദിവസത്തെ മഴയിലാണ് മതിൽ ഇടിഞ്ഞ് വീണത്. റോഡരികിൽ നിർത്തിയിട്ടിരുന്ന പ്രദേശവാസിയായ പുത്തൻതറ നൗഷാദിന്റെ ബൈക്കിന് മുകളിലേക്കാണ് കല്ലുകൾ പതിച്ചത്. ബൈക്കിന് സാരമായി കേടുപാടുകൾ സംഭവിച്ചു. നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് കൂടിയാണിത്.
ഏത് നിമിഷവും നിലം പതിക്കാറായ നിലയിലാണ് മതിലിന്റെ മറ്റ് ഭാഗങ്ങളും. കാലവർഷം ശക്തമാകുന്നതിന് മുന്പായി സംരക്ഷണ മതിൽ ശരിയായ രീതിയിൽ പുനർനിർമിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് കാരണമായി മാറിയേക്കും.
കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിലൂടെയാണ് പതിവായി യാത്ര ചെയ്യുന്നത്. അധികൃതരുടെ അടിയന്തര ശ്രദ്ധ റോഡിന്റെ കാര്യത്തിൽ ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.