ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം
1417807
Sunday, April 21, 2024 5:37 AM IST
കൽപ്പറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. കാവുമന്ദം പാറകണ്ടി കോളനിയിലെ 30 കാരിയാണ് ആംബുലൻസിൽ പെണ്‍കുഞ്ഞിന് ജൻമം നൽകിയത്.
ഇന്നലെ രാവിലെ 9.15ഓടെയാണ് 108 ആംബുലൻസ് കണ്ട്രോൾ റൂമിൽ അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് ബന്ധുക്കൾ എംഎൽഎസ്പി ജീവനക്കാരിയെ അറിയിക്കുകയും ഇവർ 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു.
പൈലറ്റ് എ.കെ. ശരത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.പി. ദേവദർശൻ എന്നിവരാണ് ആംബുലൻസുമായി കോളനിയിൽ എത്തിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇടഗുനിയിൽ എത്തിയപ്പോൾ യുവതിയുടെ പ്രസവ വേദന കലശലായി.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു ബോധ്യമായി. തുടർന്ന് ആംബുലൻസിൽ പ്രസവത്തിനു സൗകര്യം ഒരുക്കുകയായിരുന്നു.
9.45നായിരുന്നു പ്രസവം. പൊക്കിൾകൊടി ബന്ധം വേർപെടുത്തി പ്രഥമ ശുശ്രൂഷ നൽകിയശേഷമാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിയത്.