പശ്ചിമഘട്ട സംരക്ഷണ നിയമം നടപ്പാക്കുമെന്നു പറയുന്ന രാഹുൽ ഗാന്ധിക്കു വയനാട്ടിൽ വോട്ട് ചോദിക്കാൻ അർഹതയില്ല: പി.സി. ജോർജ്
1417164
Thursday, April 18, 2024 6:14 AM IST
കൽപ്പറ്റ: പശ്ചിമ ഘട്ട സംരക്ഷണത്തിനു നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കുന്ന രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും വയനാട് മണ്ഡലത്തിൽ വോട്ട് ചോദിക്കാൻ അർഹതയില്ലെന്ന് ബിജെപി നേതാവും കേരള നിയമസഭ മുൻ ചീഫ് വിപ്പുമായ പി.സി. ജോർജ്. പശ്ചിമഘട്ട സംരക്ഷണ നിയമ വ്യവസ്ഥകൾ വയനാട് ഉൾപ്പെടെ മലയോര മേഖലകളിൽ ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിതമാക്കുമെന്നതിൽ തർക്കമില്ല. എന്നിരിക്കേ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതും വോട്ട് ചോദിക്കുന്നതും വിചിത്രവും അദ്ഭുതപ്പെടുത്തുന്നതുമാണ്.
പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മറ്റും ചേർന്നു പുറത്തിറക്കിയതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. പരിസ്ഥിതി സംരക്ഷണ അഥോറിറ്റി രൂപീകരിക്കുമെന്നു പ്രകടനപത്രികയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് മലയോര മേഖലകളിൽ ജനജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നു വ്യക്തമാണ്. അന്താരാഷ്ട്ര കാർബൻ ക്രഡിറ്റ് ഫണ്ട് ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പരിസ്ഥിതി വിഷയങ്ങൾ.
പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണം മറയാക്കി പതിറ്റാണ്ടുകൾ മുന്‍പ് നടപ്പാക്കാൻ ശ്രമിച്ച പരിപാടികൾ മോദി സർക്കാർ അധികാരത്തിൽ ഉള്ളതുകൊണ്ടുമാത്രമാണ് പ്രാവർത്തികമാകാതിരുന്നത്. കോണ്‍ഗ്രസ് ഇക്കുറിയും അധികാരത്തിൽ എത്തില്ല എന്നത് ആശ്വാസകരമാണ്.
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്നതിൽ വലിയ പൊരുത്തക്കേടുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും കോണ്‍ഗ്രസും ഇടതുപാർട്ടികളും കെട്ടിപ്പിടിച്ചാണ് നടക്കുന്നത്. കേരളത്തിൽ പോരടിക്കുന്ന ഇക്കൂട്ടർ ജനങ്ങളെ പരിഹസിക്കുകയാണ്.
വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ വിജയിച്ചുകഴിഞ്ഞതായും പി.സി. ജോർജ് പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് ജി. വാര്യർ, ന്യൂനപക്ഷ മോർച്ച വയനാട് ജില്ലാ പ്രസിഡന്റ് സാബു സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.