വ്യാപാരി സുരക്ഷാനിധി ആനുകൂല്യ വിതരണവും ചികിത്സാ പദ്ധതി ഉദ്ഘാടനവും 20ന്
1416194
Saturday, April 13, 2024 5:48 AM IST
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി കുടുംബ സുരക്ഷാ നിധി മൂന്നാംഘട്ടം ആനുകൂല്യ വിതരണം, അംഗങ്ങൾക്കുള്ള ചികിത്സാ പദ്ധതിയുടെയും അന്പലവയൽ യൂണിറ്റ് കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ വ്യാപാരവാസ കെട്ടിട സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ 20ന് വൈകുന്നേരം നാലിന് അന്പലവയൽ വ്യാപാരഭവൻ ഹാളിൽ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ, വൈസ് പ്രസിഡന്റ് കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ട്രഷറർ ഇ. ഹൈദ്രു എന്നിവർ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സുരക്ഷാനിധി ആനുകുല്യ വിതരണം നിർവഹിക്കും. വ്യാപാരവാസ കെട്ടിട സമുച്ചയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ചികിത്സാ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിക്കും.
ജില്ലയിലെ വ്യാപാരികളെയും കുടുംബാംഗങ്ങളെയും പങ്കാളികളാക്കിയ സുരക്ഷാ പദ്ധതി കഴിഞ്ഞ ജൂണിൽ നിലവിൽവന്നതാണ്. ഇതുവരെ 15 കുടുബങ്ങൾക്ക് രണ്ടു ഘട്ടങ്ങളായി 35 ലക്ഷം രൂപ മരണാനന്തരചികിത്സാ ആനുകൂല്യമായി വിതരണം ചെയ്തു. സുരക്ഷാ പദ്ധതിയിൽ ജില്ലയിലെ മുഴുവൻ സമിതി അംഗങ്ങളെയും പങ്കാളികളാക്കുന്നതിനുള്ള കാന്പയിനിനു യോഗത്തിൽ തുടക്കമിടും.