രാഹുലിനായി നേതാക്കളെല്ലാം ബൂത്തിലേക്ക്: പ്രചാരണ പരിപാടിക്ക് കൽപ്പറ്റയിൽ തുടക്കമായി
1415974
Friday, April 12, 2024 6:01 AM IST
കൽപ്പറ്റ: രാഹുൽഗാന്ധിയുടെ വിജയത്തിനായി നേതാക്കളെല്ലാം സ്വന്തം ബൂത്തിൽ പ്രവർത്തകർക്കൊപ്പം ഭവനസന്ദർശനം നടത്തുന്ന പ്രചാരണ പരിപാടിക്ക് തുടക്കമായി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വോട്ടുള്ള കൽപ്പറ്റ നഗരസഭയിലെ 94-ാം ബൂത്തിലായിരുന്നു വ്യാഴാഴ്ച ഭവനസന്ദർശനം നടത്തിയത്. രാവിലെ എട്ടിന് ആരംഭിച്ച ഭവനസന്ദർശനം ഉച്ചയ്ക്ക് 12വരെ നീണ്ടു. ബൂത്തിലെ നാൽപതോളം വീടുകളിലാണ് പ്രചാരണം നടത്തിയത്.
വീടുകളിലെത്തിയ എംഎൽഎ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തി. കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ മുസ്തഫ നന്പോത്ത്, കണ്‍വീനർ ഗിരീഷ് കൽപ്പറ്റ, കൗണ്‍സിലർമാരായ കെ. അജിത, കെ. കുഞ്ഞൂട്ടി, വി. നൗഷാദ്, ഷൈജൽ, അലി അക്ബർ, സാലി റാട്ടക്കൊല്ലി തുടങ്ങിയവർ എംഎൽഎക്കൊപ്പം ഭവനസന്ദർശനം നടത്തി.