കുടിവെള്ള പദ്ധതിയുടെ പന്പിംഗ് മുടങ്ങുമോയെന്ന് ആശങ്ക
1415972
Friday, April 12, 2024 6:01 AM IST
പുൽപ്പള്ളി: കബനി നിദിയിൽ ജലവിതാനം കുത്തനെ താഴ്ന്നതോടെ കബനി കുടിവെള്ള പദ്ധതിയുടെ പന്പിംഗ് മുടങ്ങുമോയെന്ന് ആശങ്ക. പുഴയിൽ ജലവിതാനം വീണ്ടും കുത്തനെ താഴ്ന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് ജലവിതരണം മുടങ്ങാൻ കാരണം.
മുൻ വർഷങ്ങളിൽ കബനി നദിയിൽ വെള്ളം കുറയുന്പോൾ മരക്കടവ് പന്പ് ഹൗസിന് സമീപം പഞ്ചായത്തിന്റേയും വിവിധ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ തടയണ നിർമിച്ച് കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ പഞ്ചായത്തിന് തടയണ നിർമിക്കാൻ കഴിഞ്ഞിട്ടില്ല.
വരും ദിവസങ്ങളിൽ പുഴയിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ പന്പിംഗ് പൂർണമായി നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. രണ്ട് മോട്ടോറുകൾ 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ 10,000 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത്. പുൽപ്പള്ളി പഞ്ചായത്തിൽ മാത്രം 10 ലക്ഷത്തോളം ലിറ്റർ വെള്ളമാണ് പ്രതിദിനം നൽകുന്നത്.
പുഴയുടെ പലഭാഗങ്ങളും വറ്റിവരണ്ട് പാറക്കെട്ടുകൾ തെളിഞ്ഞു. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് കബനി കുടിവെള്ള പദ്ധതിക്ക് സമീപം തടയണ നിർമിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പന്പ് ഹൗസിന് സമീപം വെള്ളം കുത്തനെ താഴ്ന്നതോടെ പന്പ് ഹൗസിലെ കിണറിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ്. ചാലിന് ആഴംകൂട്ടി വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ തുടരുന്നുണ്ടെങ്കിലും വെള്ളം ഒഴുകിയെത്തുന്നില്ല. വേനൽമഴ പെയ്യാതിരിക്കുകയും കർണാടക ജല ഉപയോഗം വർധിപ്പിക്കുകയും ചെയ്താൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. ശുദ്ധജല വിതരണം മുടങ്ങാതിരിക്കാൻ ജീവനക്കാർ രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അപര്യാപ്തത പന്പിംഗിനെ ബാധിക്കുമോയെന്ന ആശങ്കയാണ്.
ഇപ്പോൾ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പല വാർഡുകളിലും നാല് ദിവസമായി കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇതുമൂലം പൈപ്പ് കണക്ഷനെടുത്ത കുടുംബങ്ങൾ കുടിവെള്ളം വിലകൊടുക്ക് വാങ്ങേണ്ട അവസ്ഥയായിട്ടും ഉത്തരവാദിത്തപ്പെട്ടവർ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാണ് ആരോപണമുയരുന്നത്.