വരൾച്ചമൂലം കൃഷി നാശമുണ്ടായ പ്രദേശങ്ങൾ കർഷക കോണ്ഗ്രസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു
1415759
Thursday, April 11, 2024 6:00 AM IST
പുൽപ്പള്ളി: വരൾച്ച മൂലം കൃഷി നശിച്ച മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങൾ കർഷക കോണ്ഗ്രസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. ശശിമല, കുന്നത്തുകവല, ചാമപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് സന്ദർശനം നടത്തിയത്. മേഖലയിൽ രൂക്ഷമായ വരൾച്ചയെ തുടർന്ന് കർഷകരുടെ കുരുമുളക്, കാപ്പി, ഏലം, തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി കരിഞ്ഞുണങ്ങിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
കൃഷി നാശംമൂലം കർഷകർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണാൻ കൃഷി വകുപ്പും റവന്യു വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് കൃഷി നാശം തിട്ടപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രദേശത്ത് കടുത്ത ജലക്ഷാമമാണ് നേരിടുന്നതെന്നും ജലസ്രോതസുകളായ കന്നാരംപുഴയും മുദ്ദള്ളിത്തോടും കടമാൻതോടും വറ്റിവരണ്ടതോടെ കിണറുകളിലും കുഴൽ കിണറുകളിലും വെള്ളം വറ്റിയ അവസ്ഥയാണ്.
അടിയന്തരമായി ജില്ലാ ഭരണകൂടം കൃഷി നാശമുണ്ടായ മേഖലകൾ സന്ദർശിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, വർഗീസ് മുരിയൻകാവിൽ, എൻ.ആർ. പരിതോഷ് കുമാർ, പി.എം. കുര്യൻ, ബിനു നടുപറന്പിൽ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.