വരൾച്ച രൂക്ഷം; കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു
1415758
Thursday, April 11, 2024 6:00 AM IST
പുൽപ്പള്ളി: കടുത്ത ചൂടിൽ ചണ്ണോത്തുകൊല്ലിയിൽ കമുകുകൾ കരിഞ്ഞുണങ്ങി. കേരള കർണാടക അതിർത്തിയോട് ചേർന്ന ചാമപ്പാറ വണ്ടിക്കടവ്, മാടപ്പള്ളിക്കുന്ന്, കുന്നത്തുകവല പ്രദേശങ്ങളിലാണ് വ്യാപകമായി കുമുകുകൾ കരിഞ്ഞുണങ്ങിയത്. തനിവിളയായി കൃഷിചെയ്ത കമുക് തോട്ടങ്ങളാണ് വ്യാപകമായി കരിഞ്ഞുണങ്ങുന്നത്.
ജലസേചന സൗകര്യം ഉപയോഗിച്ച് നനച്ചിരുന്ന തോട്ടങ്ങളിൽ കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ ജലസേചനം മുടങ്ങിയതാണ് കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങാൻ കാരണം. കന്നാരംപുഴ ഉൾപ്പെടെ വറ്റിവരണ്ടതും ഉണക്ക് വർധിക്കാൻ കാരണമായി.
അഞ്ചും ആറും വർഷം പ്രായമായ കമുകാണ് കനത്ത ചൂടിൽ വാടിക്കരിയുന്നത്. മേഖലയിൽ മാത്രം മൂവായിരത്തോളം കമുകുകൾ ഇതിനകം കരിഞ്ഞുണങ്ങി. ഇതിന് പുറമേ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചു.
മുൻകാലങ്ങളിൽ കർഷകർ കന്നാരംപുഴയിൽനിന്നും മറ്റും വെള്ളം ശേഖരിച്ചായിരുന്നു കൃഷിയിടങ്ങളിൽ ജലസേചനം നടത്തിയിരുന്നത്. കന്നാരംപുഴ നേരത്തെ വറ്റിവരണ്ടതോടെ ചെക്ഡാമുകളിൽ ഉൾപ്പെടെ വെള്ളമില്ലാതെ വന്നതാണ് ഉണക്ക് വർധിക്കാൻ കാരണം.
കർണാടകയിൽനിന്നുള്ള ചൂടുകാറ്റാണ് കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങാൻ കാരണം. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ മേഖലയിലെ കൃഷികൾ പൂർണമായി കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്. ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷി ചെയ്തത്.
കൃഷികൾ പൂർണമായി നശിച്ചതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. കൃഷിനാശമുണ്ടായ മേഖല സന്ദർശിക്കാൻ ജില്ലാ ഭരണകൂടം തയാറാവണമെന്നും കൃഷി നശിച്ചവർക്ക് അടിയന്തര സഹായം നൽകാൻ തയ്യാറാകണമെന്നുമാണ് കർഷകരുടെ ആവശ്യം.