ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി സേവ് പുൽപ്പള്ളി ഡാം വിരുദ്ധ സമിതി
1415557
Wednesday, April 10, 2024 5:44 AM IST
പുൽപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി സേവ് പുൽപ്പള്ളി ഡാം വിരുദ്ധ സമിതി. കടമാൻതോട് ഡാം പദ്ധതി ഉപേക്ഷിച്ച് മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ ബദൽ മാർഗം സ്വീകരിക്കുകയും വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുകയും വേണം.
പുൽപ്പള്ളിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്തവർക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുന്ന സ്ഥാനാർഥിക്ക് വോട്ടു നൽകുമെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വയനാട് നേരിടുന്ന യഥാർഥ വിഷയങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുന്ന രാഷ്ട്രീയ പാർട്ടികൾ പുൽപ്പള്ളിക്കാരെയും വഞ്ചിക്കുകയാണ്. ഇത്തരം നിലപാടുമായി മുന്നോട്ടുപോയാൽ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇതിനെതിരേ പ്രതികരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ ബേബി തയ്യിൽ, കണ്‍വീനർ സിജേഷ് ഇല്ലിക്കൽ, ശ്രീധരൻ മീനംകൊല്ലി, വത്സ പൊന്നാന്പൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.