സുതാര്യവും സമാധാനപരവുമായി നടത്തണം; തെരഞ്ഞെടുപ്പ് നിരീക്ഷകർ
1415550
Wednesday, April 10, 2024 5:44 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ നികുഞ്ച് കുമാർ ശ്രീവാസ്തവ, അശോക് കുമാർ സിംഗ്, കൈലാസ് പി. ഗെയ്ക് വാദ് എന്നിവർ നിർദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു നിരീക്ഷകർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ വസ്തുവകകളിൽ പോസ്റ്റർ ഉൾപ്പെടെയുള്ള പരസ്യങ്ങൾ പതിക്കാൻ പാടില്ലെന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയോടെ മാത്രമേ പരസ്യങ്ങൾ പതിക്കാൻ പാടുള്ളൂ എന്നും നിരീക്ഷകർ നിർദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന റാലി, പൊതുയോഗങ്ങൾ തുടങ്ങിവയ്ക്ക് സുവിധ പോർട്ടലിലൂടെയും തുണ ആപ്പിലും അനുമതി എടുക്കാം. ഉച്ചഭാഷിണികൾ രാത്രി 10ന് ശേഷം ഉപയോഗിക്കാൻ പാടില്ല. സ്റ്റാർ കാന്പയിനുകൾ പോളിംഗിന് 48 മണിക്കൂർ മുന്പ് പ്രചാരണരംഗത്ത് നിന്നും പിൻമാറണം. വോട്ടർമാരെ സ്വാധീനിക്കാൻ പണം, വസ്ത്രം തുടങ്ങിയവയോ മറ്റു സമ്മാനങ്ങളോ വിതരണം ചെയ്യാൻ പാടില്ല. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകർ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും എംസിസി ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സി വിജിൽ അപ്പ് മുഖേനെയോ എംസിസി നോഡൽ ഓഫീസറായ എഡിഎമിന്റെ ടീമിനെയോ അറിയിക്കണം. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിന്റെ ചെലവുകൾ മാർഗനിർദേശ പ്രകാരം കൃത്യമായി സൂക്ഷിക്കണമെന്നും യഥാസമയം പരിശോധനയ്ക്ക് ഹാജരാക്കണമെന്നും നിരീക്ഷകർ പറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടേഴ്സ് ലിസ്റ്റ് സൗജന്യമായി നൽകും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അനുവർത്തിക്കേണ്ട കാര്യങ്ങൾ ജില്ലാ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. രണ്ടാംഘട്ട റാൻഡമൈസേഷൻ 16ന് രാവിലെ 10.30 ന് കളക്റ്ററേറ്റിൽ നടക്കുമെന്നും 17ന് എല്ലാ നിയോജകമണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകൾ കമ്മീഷനീംഗ് നടത്തി സ്ട്രോംഗ് റൂമിലേക്ക് മാറ്റുമെന്നും കളക്ടർ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയപാർട്ടി, സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രതിനിധികൾക്കുള്ള പരിശീലനത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റ അധ്യക്ഷതയിൽ കളക്ടറുടെ ചേന്പറിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ജനറൽ ഒബ്സർവർ നികുഞ്ച് കുമാർ ശ്രീവാസ്തവ, പോലീസ് ഒബ്സർവർ അശോക് കുമാർ സിംഗ്, എക്സ്പെൻഡിച്ചർ ഒബ്സർവർ കൈലാസ് പി. ഗെയ്ക് വാദ്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി, ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഇ. അനിതകുമാരി, സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.