മുട്ടിക്കൊന്പനെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമം തുടങ്ങി
1415340
Tuesday, April 9, 2024 7:22 AM IST
സുൽത്താൻബത്തേരി: വടക്കനാടിലും സമീപങ്ങളിലും ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ മുട്ടിക്കൊന്പനെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനസേന ശ്രമം തുടങ്ങി.
പള്ളിവയൽ കരിപ്പൂര്, വളളുവാടി, പണയന്പം, വടക്കനാട് അടക്കം നൂൽപ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ രാപകൽ ഭീതി പരത്തുന്ന കാട്ടാനയാണ് മുട്ടിക്കൊന്പൻ. ഇവനെ തുരത്തുന്നതിന് മുത്തങ്ങ പന്തിയിൽനിന്നു കുഞ്ചു, ഉണ്ണിക്കൃഷ്ണൻ, പ്രമുഖ എന്നീ കുംകിയാനകകളെ എത്തിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ വടക്കനാട് കല്ലൂർക്കുന്ന് വനത്തിലാണ് മുട്ടിക്കൊന്പൻ ഉണ്ടായിരുന്നത്. കുറച്ചുകാലമായി വടക്കനാടിലും പരിസരങ്ങളിലും മുട്ടിക്കൊന്പന്റെ സാന്നിധ്യമുണ്ട്. കൃഷി നശിപ്പിക്കുന്ന ആന ആളുകൾക്കുനേരേ പാഞ്ഞടുക്കുന്നതും തുടർക്കഥയാണ്. ഈ സാഹചര്യത്തിലാണ് ആനയെ ഉൾക്കാട്ടിലേക്ക് പായിക്കാൻ തീരുമാനമായത്. മുത്തങ്ങ പന്തിയിലെ കുംകി വിക്രം 2019ൽ വടക്കനാടുനിന്നു പിടികൂടിയ ആനയാണ്. വിക്രമിനൊപ്പം കാട്ടിൽ ഉണ്ടായിരുന്നതാണ് മുട്ടിക്കൊന്പൻ.