നൂൽപ്പുഴ കണ്ണംകോടിൽ കാട്ടാന നെൽക്കൃഷി നശിപ്പിച്ചു
1415339
Tuesday, April 9, 2024 7:22 AM IST
സുൽത്താൻബത്തേരി: കത്തിയാളുന്ന വേനലിൽ പുഞ്ചക്കൃഷി സംരക്ഷിക്കാൻ കർഷകർ കഷ്ടപ്പെടുന്നതിനിടെ കാട്ടാന ശല്യം മറ്റൊരു പ്രഹരമായി.
കഴിഞ്ഞ ദിവസം നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണംകോട് പാടശേഖരത്തിൽ ചോരംകൊല്ലി ഭാസ്കരന്റെ കൃഷി ആന തിന്നും ചവിട്ടിയും നശിപ്പിച്ചു. ആവശ്യത്തിനു വെള്ളമില്ലാതെ വയൽ വിണ്ടുകീറുന്നതിനിടെയാണ് കാട്ടാന ശല്യം. മുൻ വർഷങ്ങളിൽ കല്ലൂർ പുഴയിൽനിന്ന് വെള്ളം പന്പു ചെയ്താണ് കണ്ണംകോടുകാർ പുഞ്ചക്കൃഷി സംരക്ഷിച്ചത്.
ഇത്തവണ ഇടമഴയും വേനൽമഴയും ഇല്ലാതായതോടെ പുഴയിൽനിന്നുള്ള പന്പിംഗ് നിലച്ചു. പലരും കുഴൽ കിണറിൽ നിന്നും വെള്ളം പന്പ് ചെയ്താണ് വയലിലെത്തിക്കുന്നത്. ദിനംപ്രതി ചൂട് കൂടുന്നതിനാൽ ജലസ്രോതസുകൾ വരളുകയാണ്. കുഴൽ കിണറുകളിൽനിന്നുള്ള പന്പിംഗും നിലയ്ക്കുന്ന സ്ഥിതിയാണ്. വിണ്ടുകീറിയ പാടങ്ങളിലെ പച്ചപ്പ് കണ്ടാണ് ആനകൾ എത്തുന്നത്.
പ്രദേശത്ത് കാട്ടാന ശല്യം തടയുന്നതിനു രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനം ഫലപ്രദമല്ലെന്ന് ആരോപണമുണ്ട്. കണ്ണംകോട് പാടശേഖരത്തിൽ ഏകദേശം 50 ഏക്കറിലാണ് കൃഷി.