പാൽ അധികവില വിതരണം ആരംഭിച്ചു
1415337
Tuesday, April 9, 2024 7:22 AM IST
സുൽത്താൻബത്തേരി: ക്ഷീരസംഘത്തിൽ പാൽ അധികവില വിതരണം ആരംഭിച്ചു. 2023-24ൽ പാൽ അളന്ന കർഷകർക്കാണ് ലിറ്ററിന് 2.50 രൂപ അധികവില നൽകുന്നത്.
2,700 പേർ ഗുണഭോക്താക്കളാണ്. കർഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് അധികവില ലഭ്യമാക്കുന്നത്. കാലിത്തീറ്റ സബ്സിഡിയായി കഴിഞ്ഞ സന്പത്തികവർഷം 26.7 ലക്ഷം രൂപ സംഘം നൽകിയിരുന്നു. പശുക്കളുടെയും കിടാരികളുടെയും കന്നുകുട്ടികളുടെയും ചികിത്സയ്ക്ക് ഓരോ ക്ഷീര കർഷകനും വർഷം 3,000 രൂപയുടെ മരുന്ന് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.
ഈ വകയിൽ കഴിഞ്ഞവർഷം 19.85 ലക്ഷം രൂപ ചെലവഴിച്ചു. ക്ഷീരകർഷകർക്ക് സൗജന്യ ഇൻഷ്വറൻസ് 9.24 ലക്ഷം, പശുക്കളുടെ ഇൻഷ്വറൻസ്-10.65 ലക്ഷം, തൊഴുത്ത് തറ കോണ്ക്രീറ്റ് ചെയ്യൽ 5.7 ലക്ഷം എന്നിങ്ങനെയും തുക ചെലവഴിച്ചു. അധികവില വിതരണം ഉദ്ഘാടനം പ്രസിഡന്റ് കെ.കെ. പൗലോസ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.സി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ബേബി വർഗീസ്, എം. ഭാസ്കരൻ, സിന്ധു ഹരിദാസ്, സീത മോഹനൻ, സെക്രട്ടറി പി.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.