ഫ്യൂച്ചർ ഇന്ത്യാ കായിക പരിശീലനം സമാപിച്ചു
1396334
Thursday, February 29, 2024 5:18 AM IST
കൽപ്പറ്റ: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ "ഫ്യൂച്ചർ ഇന്ത്യ’ കായിക പരിശീലനം സമാപിച്ചു. സമാപന സംഗമം നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ഒ. സരോജിനി ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ മുഖ്യപ്രഭാഷണം നിർവഹിച്ചു.
നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നും കോച്ചിംഗ് ക്യാന്പുകൾ വഴി തെരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തിയാണ് നഗരസഭ ഫ്യൂച്ചർ ഇന്ത്യ കായിക പരിശീലനം സംഘടിപ്പിച്ചത്.
കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസിലാക്കി അതിനനുസരിച്ച് കായിക പരിശീലനം നൽകി ഭാവിയിൽ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടമാവുന്ന രൂപത്തിൽ കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്.
രണ്ട് വർഷമായി നടന്ന് വരുന്ന നഗരസഭയുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന പല വിദ്യാർഥികളും സംസ്ഥാന ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത് വലിയ അംഗീകാരങ്ങൾ നേടിയത് ഫ്യൂച്ചർ ഇന്ത്യ പരിശീലന പദ്ധതിയുടെ വിജയമായി.
കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ ഇന്ത്യ കായിക പരിശീലന പദ്ധതി വരും വർഷങ്ങളിലും തുടരുമെന്ന് നഗരസഭ അറിയിച്ചു. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, നെറ്റ് ബോൾ, സോഫ്റ്റ് ന്പോൾ, ബേസ് ബോൾ, ഖൊ ഖൊ തുടങ്ങിയ ആറോളം കായിക ഇനങ്ങളിലാണ് നിലവിൽ പരിശീലനം നൽകി വരുന്നത്.
സമാപന സംഗമത്തിൽ നഗരസഭ കൗണ്‍സിലർമാരായ ആയിഷാ പള്ളിയാൽ, റൈഹാനത്ത് വടക്കേതിൽ, രാജാറാണി, കോച്ചുമാരായ ജോസഫ് മാസ്റ്റർ, സജൽ, ഡൈനി, ശോഭ, കൽപ്പറ്റ ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജീവൻ, പിടിഎ പ്രസിഡന്റ് കെ.പി. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.