പൾസ് പോളിയോ: ജില്ലയിലെ 59,038 കുട്ടികൾക്ക് വാക്സിൻ നൽകും
1396133
Wednesday, February 28, 2024 5:26 AM IST
കൽപ്പറ്റ: ജില്ലയിലെ അഞ്ച് വയസിൽ താഴെ പ്രായമുള്ള 59,038 കുട്ടികൾക്ക് മാർച്ച് മൂന്നിന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വാക്സിൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികളും വാക്സിൻ സ്വീകരിക്കും.
വാക്സിൻ വിതരണം ചെയുന്നതിന് ജില്ലയിൽ 864 പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികൾക്ക് മാർച്ച് നാല്, അഞ്ച് തീയതികളിൽ വീടുകളിലെത്തി പോളിയോ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പൾസ് പോളിയോ ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 23 ബൂത്തുകളും സജ്ജീകരിക്കും. മാൾ, ബാസാർ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലും പോളിയോ ബൂത്തുകൾ ഒരുക്കും.
ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേർന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്റർസെക്ടറൽ യോഗത്തിൽ ജില്ലയിൽ ആവശ്യമായ വാക്സിൻ എത്തിയതായും മുഴുവൻ കുട്ടികൾക്കും പൾസ് പോളിയോ വാക്സിൻ ഉറപ്പാക്കണമെന്നും കളക്ടർ അറിയിച്ചു.