അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി: മുഖ്യമന്ത്രി പിണറായി വിജയൻ
1395915
Tuesday, February 27, 2024 7:10 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേൻമയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിൽ നിർമിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിട നിർമാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വർധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷത്തോളം വിദ്യാർഥികൾ പുതുതായി എത്തിയെന്നും 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റൽ, ഓണ്‍ലൈൻ വിദ്യാഭ്യാസത്തിലൂടെ കേരളം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി. വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിൽ 14 പൊതു വിദ്യാലയങ്ങളിലാണ് കെട്ടിടങ്ങൾ നിർമിച്ചത്.
കിഫ്ബി, പൊതുമരാമത്ത് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്.
ജിഎച്ച്എസ്എസ് കാട്ടിക്കുളം, ബത്തേരി ഗവ സർവ്വജന ഹയർ സെക്കൻഡറി സ്കൂൾ, ജിഎച്ച്എസ്എസ് പെരിക്കല്ലൂർ, ജിയുപിഎസ് തലപ്പുഴ, ജിയുപിഎസ് തരുവണ, ജിഎച്ച്എസ് കുപ്പാടി, ജിഎച്ച്എസ് ഇരുളം, ഗവ ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി, ജിഎച്ച്എസ് റിപ്പണ്‍, ജിഎച്ച്എസ്എസ് വൈത്തിരി, ജിഎൽപിസ്കൂൾ എടയൂർക്കുന്ന്, ജിഎൽപിഎസ് മേപ്പാടി, ജിയുപിഎസ് വെള്ളമുണ്ട, ജിഎൽപി വലിയപാറ സ്കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.