സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്കരിച്ചു; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം അനുവദിക്കില്ല
1394449
Wednesday, February 21, 2024 4:58 AM IST
കൽപ്പറ്റ: വന്യമൃഗാക്രമണവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ വിളിച്ചുചേർത്ത മന്ത്രിസഭാ ഉപസമിതി യോഗത്തിൽ നിന്നു യുഡിഎഫ് നേതാക്കളും എംഎൽഎ മാരും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. വേദിയിലിരിക്കാൻ മന്ത്രിമാർ ആവശ്യപ്പെട്ടിട്ടും എംഎൽഎമാർ വേദിയിലിരുന്നില്ല. തങ്ങൾ വേദിയിലിരിക്കില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎയും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും പറഞ്ഞു.
റവന്യു മന്ത്രി യോഗത്തിന്റെ ആമുഖ പ്രസംഗം നടത്തിയതിന് ശേഷം ടി. സിദ്ദിഖ് എംഎൽഎ ചില പ്രധാന വിഷയങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് സംസാരിച്ചു. ഇത്രയും രൂക്ഷമായ പ്രശ്നമുണ്ടായിട്ടും നിരവധിയാളുകൾ മരിച്ചിട്ടും പച്ചയായി പ്രജീഷിനെ കടുവ കൊണ്ടുപോയി ഭക്ഷിച്ചിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ ജില്ലയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ യോഗം നടത്തുന്നത് അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രിയെ വനം വകുപ്പിൽ നിന്നും ജില്ലയുടെ ചുമതലയിൽ നിന്നും മാറ്റണമെന്നും വനം മന്ത്രിയുടെ സാന്നിധ്യത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടു.
സർക്കാർ മന്ത്രിസഭാ ഉപസമിതി യോഗം ഇത്തരമൊരു യോഗം ചേരുന്പോൾ ആദ്യം തന്നെ വന്യമൃഗാക്രമണത്തിൽ മരിച്ചവർക്കുള്ള അനുശോചനം രേഖപ്പെടുത്തലാണ്. അതിന് പോലും തയാറാകാതെയാണ് യോഗം ആരംഭിച്ചതെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും കാര്യങ്ങൾ ചെയ്യാതെ ചർച്ച നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു കാരണവശാലും സർക്കാരിനെ അനുവദിക്കില്ലെന്നും രണ്ട് എംഎൽഎ മാരും യോഗത്തിൽ ചൂണ്ടികാണിച്ചു.
റവന്യു മന്ത്രിയും എംഎൽഎമാരുമായി വാക്കേറ്റം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. വയനാട്ടിലെ ജനതയെ പ്രഖ്യാപനങ്ങൾ നടത്തി മയക്കി കിടത്താൻ ആകില്ലെന്നും തീരുമാനം നടപ്പാക്കിയില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്നും തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും എംഎൽഎ മാർ പറഞ്ഞു.
തുടർന്ന് മുദ്രവാക്യം വിളികളുമായി ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ടി. മുഹമ്മദ്, കെ.എൽ. പൗലോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പ്രവീണ് തങ്കപ്പൻ, നിസി അഹമ്മദ്, ഡി.പി. രാജശേഖരൻ തുടങ്ങിവരുടെ നേതൃത്വത്തിൽ യുഡിഎഫ് യോഗം ബഹിഷ്കരിച്ചു.