പുൽപ്പള്ളി സംഘർഷം: ജനങ്ങൾക്കെതിരേ കേസെടുക്കരുതെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1394273
Tuesday, February 20, 2024 7:49 AM IST
സുൽത്താൻ ബത്തേരി: ജനപ്രതിനിധികളെ തടഞ്ഞുവച്ചതിന്റെ പേരിൽ പൊതുജനങ്ങൾക്കെതിരേ കേസെടുക്കരുതെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മനുഷ്യജീവൻ വന്യമൃഗത്താൽ ചവിട്ടിമെതിക്കപ്പെടുന്പോഴും സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരിക്കുന്പോഴും ഉണ്ടാകുന്ന വൈകാരിക അവസ്ഥയിൽ പ്രതിഷേധം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ഇതാണ് പുൽപ്പള്ളിയിൽ നടന്നത്.
ഇക്കാര്യം ജില്ലാ പോലീസ് മേധാവിയോടും ബത്തേരി ഡിവൈഎസ്പിയോടും ആവശ്യപ്പെട്ടതായും എംഎൽഎ പറഞ്ഞു. ജില്ലാകളക്ടർ കൃത്യസമയത്ത് സ്ഥലത്ത് എത്തിയിരുന്നെങ്കിൽ സംഘർഷമുണ്ടാവില്ലായിരുന്നുവെന്നും ഇത് ജില്ലാഭരണകൂടത്തിന്റെ പരാജയമാണെന്നും കളക്ടർ സ്ഥലത്ത് എത്താതിരുന്നതിന് പിന്നിൽ സർക്കാറിന്റെ ഇടപെടൽ ഉണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.