യുപി വിഭാഗം: നിവേദനം ഫലം ചെയ്യുമെന്ന പ്രതീക്ഷയിൽ പിലാക്കാവ് സെന്റ് ജോസഫ്സ് സ്കൂൾ അധികൃതർ
1375575
Sunday, December 3, 2023 7:26 AM IST
മാനന്തവാടി: വിദ്യാലയം യുപിയായി ഉയർത്തുന്നതിനു നവകേരള സദസിൽ നൽകിയ നിവേദനം ഫലം ചെയ്യുമെന്ന പ്രതീക്ഷയിൽ പിലാക്കാവ് സെന്റ് ജോസഫ്സ് എൽപി സ്കൂൾ അധികൃതർ. സ്കൂൾ പ്രധാനാധ്യാപികയും പിടിഎ ഭാരവാഹികളുമാണ് നിവേദനം നൽകിയത്. തോട്ടം തൊഴിലാളികളുടെയും പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെയും കുട്ടികളാണ് വിദ്യാലയത്തിലെ പഠിതാക്കളിൽ അധികവും.
സെന്റ് ജോസഫ്സിൽ പഠനം പൂർത്തിയാക്കുന്നവർ ഉയർന്ന ക്ലാസിൽ പ്രവേശനത്തിനു കിലോമീറ്ററുകൾ അകലെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അതിനാൽത്തന്നെ നാലാം ക്ലാസോടെ പഠനം നിർത്തുന്ന കുട്ടികളും പിലാക്കാവിലുണ്ട്. വിദ്യാലയം യുപി ആയി ഉയർത്തിയാൽ ഈ അവസ്ഥയ്ക്കു പരിഹാരമാകുമെന്ന് നിവേദനത്തിൽ വിശദീകരിക്കുന്നുണ്ട്.