ചോളത്തണ്ട് കൊണ്ടുവരുന്നതിലെ നിയന്ത്രണത്തിനു പരിഹാരം കാണണം: ജില്ലാ വികസന സമിതി
1375570
Sunday, December 3, 2023 7:26 AM IST
കൽപ്പറ്റ: കർണാടകയിൽനിന്നു ചോളത്തണ്ട് കൊണ്ടുവരുന്നതിലെ നിയന്ത്രണത്തിനു പരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ജില്ലാ വികസന സമിതി തീരുമാനിച്ചു. നിയന്ത്രണം ജില്ലയിൽ ക്ഷീര മേഖലയെ ബാധിച്ചതായി യോഗം വിലയിരുത്തി.
വരൾച്ച കന്നുകാലി കർഷകരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ചോളത്തണ്ടും അതുപോലുളള കന്നുകാലിത്തീറ്റകളും അതിർത്തി കടത്തി കൊണ്ടുപോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കർണാടക മുഖ്യമന്ത്രി അറിയിച്ചതെന്നു ടി. സിദ്ദിഖ് എംഎൽഎ യോഗത്തിൽ പറഞ്ഞു. ജില്ലയിൽ നിരവധി ക്ഷീരകർഷകർ പശുക്കൾക്കു തീറ്റയായി നൽകുന്നത് കർണാടയിൽനിന്നു കൊണ്ടുവരുന്ന ചോളത്തണ്ടും പുല്ലുമാണ്. ഇത് ദീർഘകാല ആശ്രയമായി കാണാൻ കഴിയില്ല.
ജില്ലയിൽ കാലിത്തീറ്റ ഉത്പാദനം വർധിപ്പിക്കുകയും സ്വയംപര്യാപ്തത നേടുകയും അനിവാര്യതയാണ്. മൃഗസംരക്ഷണ, കൃഷി, തദ്ദേശഭരണ വകുപ്പുകളും തൊഴിലുറപ്പ് പദ്ധതി ചുമതലയുള്ളവരും കൈകോർത്ത് കാലിത്തീറ്റ ഉത്പാദന മാർഗങ്ങൾ ആലോചിക്കണമെന്നു എംഎൽഎ നിർദേശിച്ചു.
ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായി കാലിത്തീറ്റ വിഷയത്തെ കാണുകയും സർക്കാരിനെ അറിയിക്കുകയും ചെയ്യണമെന്നു രാഹുൽഗാന്ധി എംപിയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
കാരാപ്പുഴ-വാഴവറ്റ റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. റോഡിന്റെ നിർമാണ പുരോഗതി പൊതുമരാമത്ത് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാതയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ കളക്ടർ ഡോ.രേണുരാജ് വനം, പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
കൽപ്പറ്റ-വാരാന്പറ്റ റോഡുപണിയിലെ അനിശ്ചിതത്വം നീക്കണമെന്ന് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയെംതൊടി ആവശ്യപ്പെട്ടു. റോഡ് നിർമാണം പുനരാരംഭിച്ചതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നും പ്രളയത്തിൽ തകർന്ന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണ പുരോഗതി അറിയിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
സുൽത്താൻ ബത്തേരി ചുങ്കം കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു നടപടികൾ സ്വീകരിച്ചുവരികയാണെന്നു ടൗണ് പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
വകുപ്പുകൾ പദ്ധതി നിർവഹണം വേഗത്തിലാക്കണമെന്നും അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ഡിസംബർ 31നകം പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.