തൊഴിലാളി ദ്രോഹത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ മത്സരിക്കുന്നു: ആർ. ചന്ദ്രശേഖരൻ
1374500
Wednesday, November 29, 2023 8:40 AM IST
കൽപ്പറ്റ: തൊഴിലാളി ദ്രോഹനയങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
പുത്തൂർവയലിൽ ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാരുടെ ഡിഎ വെട്ടിക്കുറച്ചും ചുമട്ടുതൊഴിലാളികളുടെ തൊഴിൽ ഇല്ലാതാകുന്ന തരത്തിൽ 26 എ കാർഡ് അനിയന്ത്രിതമായി വിതരണം ചെയ്തും തോട്ടം തൊഴിലാളികളുടെ വേതനം വേണ്ടവിധം വർധിപ്പിക്കാതെയും ആനുകൂല്യങ്ങൾ നിഷേധിച്ചുമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും അശാസ്ത്രീയ നിയമ നിർമാണങ്ങൾ നടത്തിയും മറ്റുമാണ് കേന്ദ്ര സർക്കാർ തൊഴിലാളികളെ ദ്രോഹിക്കുന്നത്. ഇതിനെതിരേ ശക്തമായ സമരത്തിന് ഐഎൻടിയുസി നേതൃത്വം നൽകുമെന്നു ചന്ദ്രശേഖരൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. റെജി, വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, നേതാക്കളായ സി.പി. വർഗീസ്, സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, നജീബ് കരണി, എൻ. വേണു, സലാം മീനങ്ങാടി, പി.എൻ. ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, സി.എ. ഗോപി, ആർ. ഉണ്ണിക്കൃഷ്ണൻ, ആർ. രാമചന്ദ്രൻ, ജിജി അലക്സ്, സുന്ദർരാജ് എടപ്പെട്ടി, നജീബ് പിണങ്ങോട്, താരിഖ് കടവൻ, അരുണ് ദേവ്, ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, ഒ. ഭാസ്കരൻ, കെ.കെ. രാജേന്ദ്രൻ, ബേബി തുരുത്തിയിൽ, എം.പി. ശശികുമാർ, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ്, ജോർജ് മണ്ണത്താണി, ജോയ് വടക്കനാട്, കെ. കൃഷ്ണകുമാരി, രാധ രാമസ്വാമി, എൻ.എസ്. ബിന്ദു, മായ പ്രദീപ്, കെ. അജിത, ഏലിയാമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാൽ എന്നിവർ പ്രസംഗിച്ചു.