അടുമാരിയിൽ നെല്ലിനങ്ങളുടെ പ്രദർശനം തുടങ്ങി
1374106
Tuesday, November 28, 2023 2:04 AM IST
കാട്ടിക്കുളം: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴിൽ അടുമാരിയിൽ പ്രവർത്തിക്കുന്ന "ബത്ത ഗുഡ്ഡെ’ നെൽവിത്ത് സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 250 ഓളം നെല്ലിനങ്ങളുടെ പ്രദർശനം തുടങ്ങി.
സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി റെജീന, തിരുനെല്ലി സിഡിഎസ് ചെയർപേഴ്സണ് പി. സൗമിനി, പ്രോജക്ട് കോ ഓർഡിനേറ്റർ സായി കൃഷ്ണൻ, സിഡിഎസ് എക്സിക്യൂട്ടീവ് ബിന്ദു എന്നിവർ പ്രസംഗിച്ചു.
നാടൻ നെല്ലിനങ്ങളാണ് പ്രദർശിപ്പിക്കുന്നതിൽ അധികവും. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഇനങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴിലെ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലെ കുട്ടികളെ നെല്ലിനങ്ങൾ പരിചയപ്പടുത്താനുമാണ് "ബത്ത ഗുഡ്ഡെ’ ആരംഭിച്ചത്.
കെ.ആർ. പ്രദീഷ്, ലെനീഷ് എന്നിവരാണ് കൃഷിക്ക് മാർഗനിർദേശം നൽകുന്നത്. മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും വിവിധ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലെ കുട്ടികളും പ്രദർശനം കാണാനെത്തി. ഡിസംബർ 31 വരെയാണ് പ്രദർശനം.