ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം 30ന് കൽപ്പറ്റയിൽ
1374074
Tuesday, November 28, 2023 1:56 AM IST
കൽപ്പറ്റ: ലോക് എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായ ജില്ലാതല പരിപാടികൾ 30, ഡിസംബർ ഒന്ന് തീയതികളിൽ കൽപ്പറ്റയിൽ നടത്തുമെന്ന് ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ, ജില്ലാ എയ്ഡസ് കണ്ട്രോൾ ഓഫീസർ ഡോ.ഷിജിൻ ജോണ്‍ ആളൂർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സെയ്തലവി, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ. സലിം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30നു വൈകുന്നേരം ആറിന് ചുങ്കം ജംഗ്ഷനിൽ ദീപം തെളിയിക്കും. ഫാത്തിമ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും. ഒന്നിനു രാവിലെ ഒന്‍പതിന് പുതിയ സ്റ്റാൻഡ് പരിസരത്തുനിന്നു എസ്കെഎംജെ സ്കൂളിലേക്ക് റാലി നടത്തും. സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ചേരും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിൽ എച്ച്ഐവി പോസിറ്റീവായി 231 പേർ ചികിത്സയിലുണ്ട്. മാനന്തവാടിയിലെ ആന്റി റെട്രോ വൈറൽ തെറാപ്പി യൂണിറ്റിലാണ് രോഗ ബാധിതർക്ക് ചികിത്സ ലഭ്യമാക്കുന്നത്. ജില്ലയിൽ എച്ച്ഐവി പരിശോധനയ്ക്കും രോഗബാധിതരായി കണ്ടെത്തുന്നവർക്ക് കൗണ്‍സലിംഗ് ഉൾപ്പെടെ സേവനം ലഭ്യമാക്കുന്നതാണ്.