കുറുവ ദ്വീപിൽ സഞ്ചാരികളുടെ തിരക്ക്
1339736
Sunday, October 1, 2023 8:03 AM IST
പുൽപ്പള്ളി: ഓണം അവധിക്കാലത്തിന് ശേഷം വീണ്ടും ജില്ലയിലെ സുപ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ തിരക്ക്. കാനനഭംഗിയും ചങ്ങാടസവാരിയുമാണ് കുറുവാദ്വീപിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം. മഴ ലഭിച്ചതോടെ കാടുകളും നെൽവയലുകളും ഒരുപോലെ പച്ചപ്പാർന്ന് നിൽക്കുന്നത് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.
ഓണാവധിക്ക് ശേഷം ദ്വീപിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിവും ഇപ്പോൾ കുറുവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ കെ.കെ. താരാനാഥ് പറഞ്ഞു. പൂജ അവധിയാകുന്പോഴേക്കും തിരക്ക് വീണ്ടും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാക്കം വഴി 575 ഉം, ഡിടിപിസി മേൽനോട്ടം വഹിക്കുന്ന പാൽവെളിച്ചം വഴി 575 ഉം അടക്കം 1150 പേർക്കാണ് ഒരു ദിവസം ദ്വീപിലേക്ക് പ്രവേശിക്കാനുള്ള അനുമതി. മുതിർന്നവർക്ക് 110 രൂപയും വിദേശികൾക്ക് 200 രൂപയും വിദ്യാർഥികൾക്ക് 75 രൂപയുമാണ് കുറുവാദ്വീപിലേക്കുള്ള പ്രവേശനഫീസ്. ചങ്ങാടസവാരിക്ക് അഞ്ച് പേർക്ക് 20 മിനിറ്റിന് 400 രൂപയും അര മണിക്കൂറിന് 450 രൂപയുമാണ് ഈടാക്കുന്നത്.
ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തുടരുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നാണ് സഞ്ചാരികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. ദ്വീപിലേക്ക് പ്രവേശക നിയന്ത്രണമുള്ളതിനാൽ അവധിക്കാലത്തും മറ്റും നിരവധി പേർക്ക് കുറുവയിലെത്തി മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായിരുന്നു. 950 ഏക്കർ വിസ്തൃതിയുള്ള കുറുവാദ്വീപ് 150ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ്. അപൂർവസസ്യങ്ങളും പക്ഷികളും ഒൗഷധചെടികളുമെല്ലാം ഈ ദ്വീപിന്റെ പ്രത്യേകതയാണ്.