പുൽപ്പള്ളി: ശശിമല ക്ഷീരസംഘത്തിൽ കണക്ക് അവതരിപ്പിക്കാതെയും ക്ഷീര കർഷകരോട് സംശയ, നിർദേശങ്ങൾ വാങ്ങാതെയും സംഘം ആസ്ഥാനത്തിന് പുറത്ത് പണം ധൂർത്തടിച്ച് വാർഷിക പൊതുയോഗം നടത്തുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ സമാന്തര വാർഷിക പൊതുയോഗം നടത്തി.
സംഘത്തിന്റെ സമീപത്ത് തന്നെ എല്ലാ സൗകര്യങ്ങളോടെയും സ്ഥിരമായി പൊതുയോഗം നടത്തുന്ന ഹാൾ ഉള്ളപ്പോൾ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ പഞ്ചായത്ത് നന്പർ ഇല്ലാത്ത മൂന്നാംനില ടെറസിൽ പൊതുയോഗം നടത്താനുള്ള നീക്കം അധികാരികൾ തടഞ്ഞിരുന്നു.
എന്നാൽ രാഷ്ട്രീയ താത്പര്യം മാത്രം വച്ച് അതിന് സമീപത്തുള്ള വായനശാല ഗ്രൗണ്ടിൽ വൻ തുക ചെലവഴിച്ച് പന്തലൊരിക്കിയാണ് ഭരണ സമിതി പൊതുയോഗം നടത്താൻ തിരുമാനിച്ചത്. ഇത് ക്ഷീര കർഷകരുടെ പണം പോക്കറ്റിലാക്കാനാണ്.
സംഘം പരിധിയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കാത്തത് വികലമായ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. സംഘത്തിലെ നാല് യുഡിഫ് അംഗങ്ങളും വാർഷിക പൊതുയോഗം ബഹിഷ്കരിച്ചു. സമാന്തര പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യഷൻ പി.ഡി. സജി ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ ദേവസ്യ പൂന്തോട്ടം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, മണ്ഡലം പ്രസിഡന്റ് ജോയി വാഴയിൽ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ജോസ്, ഷിജോയി മാപ്ലശേരി, ഷൈജു പഞ്ഞിത്തോപ്പിൽ, പുഷ്ലതാ നാരായണൻ, സംഘം ഡയറക്ടർമാരായ അനൂപ് ഉണ്ണിപ്പള്ളി, ആശ വിജു, ജിൻസി ബിനോയ്, ജോസ് കുഴുപ്പിൽ, സി.കെ. ജോർജ്, സുനിൽ മാത്യു, സണ്ണി ചോലിക്കര, സണ്ണി കുളിരേൽ, ഷിനോജ് കാക്കോനാൽ, ഡൊമിനിക് കവളക്കാട്ട്, ടോമി ചെറുകര, വിൻസന്റ് കാട്ടാംകോട്ടിൽ, ജോജി നീറന്പുഴ, സി.വി. ബിനേഷ് എന്നിവർ പ്രസംഗിച്ചു.