2015നുശേഷം സേവന നിരക്ക് പുതുക്കിയില്ല; അക്ഷയ സംരംഭകർ പ്രതിസന്ധിയിൽ
1339168
Friday, September 29, 2023 1:45 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ അക്ഷയ സംരംഭകർ പ്രതിസന്ധിയിൽ. വരവും ചെലവും ഒത്തുപോകാതെ വിഷമിക്കുകയാണ് സംരംഭകർ. 2015നു ശേഷം സേവന നിരക്ക് പുതുക്കാത്തതാണ് പ്രതിസന്ധിക്ക് മുഖ്യ കാരണം. സേവന നിരക്ക് പുതുക്കണമെന്നതടക്കം ആവശ്യങ്ങളുമായി നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്താനിരിക്കയാണ് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ്(ഫേസ്).
20 വർഷം മുന്പ് പ്രവർത്തനം തുടങ്ങിയതാണ് അക്ഷയ സെന്ററുകൾ. പൊതുജനങ്ങൾക്കു നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന അക്ഷയ സംരംഭകരോടുള്ള സർക്കാർ സമീപനം നിരാശാജനകമാണെന്നു ഫേസ് ജില്ലാ പ്രസിഡന്റ് ജോണ് മാത്യു, സെക്രട്ടറി സോണി ആസാദ്, ട്രഷറർ ഷീജ സുരേഷ്, കെ.യു. അബ്ദുൾ നാസർ, സ്മിത പ്രിയ എന്നിവർ പറഞ്ഞു.
സംരംഭകരുടെ സ്വന്തം മൂലധനത്തിലാണ് അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം. സംരംഭകർ സ്വന്തം നിലയ്ക്കാണ് ഓഫീസ് പ്രവർത്തനത്തിനു കംപ്യൂട്ടർ, പ്രിന്റർ, കോപ്പിയർ എന്നിവ സ്ഥാപിച്ചത്. ഓഫീസ് വാടക, ജീവനക്കാരുടെ ശന്പളം, വൈദ്യുതി ചാർജ്, ഇന്റർനെറ്റ് ചാർജ്, ഫോണ് വാടക എന്നിവ വഹിക്കുന്നതും സംരംഭകരാണ്. ഈ സാഹചര്യത്തിലും കോവിഡ് കാലത്തുപോലും സംരംഭകർക്കായി സർക്കാർ ആശ്വാസ പദ്ധതികൾ നടപ്പാക്കിയില്ലെന്നു ഫേസ് ഭാരവാഹികൾ പറഞ്ഞു.
ആറു വർഷം മുന്പ് നടപ്പാക്കിയ സേവന നിരക്കുമായി മുന്നോട്ടുപോകണമെന്ന സർക്കാർ നിലപാട് ക്രൂരതയാണെന്ന് അവർ കുറ്റപ്പെടുത്തി. അക്ഷയ പ്രോജക്ടിനു മാത്രമായി ഡയറക്ടറെ നിയമിക്കുക, കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അവസാനിപ്പിക്കുക, സംരംഭകരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക,
സ്വകാര്യ ഓണ്ലൈൻ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ച്. ജില്ലയിൽനിന്നു 53 പേർ സമരത്തിൽ പങ്കെടുക്കുമെന്നും ഫേസ് ഭാരവാഹികൾ പറഞ്ഞു.