പാലം പുതുക്കി പണിയാൻ നടപടി വേണം
1338338
Tuesday, September 26, 2023 12:22 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ ആടിക്കൊല്ലി അന്പത്താറ് റോഡിലെ ഉൗട്ടിക്കവല ഇറക്കത്തിലെ അപകടാവസ്ഥയിലുള്ള പാലം പുതുക്കി പണിയാൻ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ. വർഷങ്ങൾക്ക് മുൻപ് നിർമിച്ച പാലത്തിന്റെ അരികും കലുങ്കും തകർന്നു. പാലത്തിനുമുകളിലെ റോഡും തകർന്നു. റോഡിന്റെ ഇരുഭാഗവും കാടുമൂടിയതിനാൽ ഇതു വഴിയെത്തുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്. പാലത്തിന്റെ സംരക്ഷണഭിത്തി തകർന്ന അവസ്ഥയിലാണ്. റോഡിന്റെ ഇടിഞ്ഞ ഭാഗം കാണാത്തതിനാൽ ഇതു വഴിയെത്തുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്.
പുൽപ്പള്ളി മേഖലയിലെ മിക്ക റോഡുകളും അടുത്തിടെ ഗതാഗതയോഗ്യമാക്കിയപ്പോൾ ആടിക്കൊല്ലി - അന്പത്താറ് റോഡിനെ അവഗണിച്ചു. പുൽപ്പള്ളിയിൽ നിന്ന് മീനങ്ങാടി അമരക്കുനി ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് സർവീസ് നടത്തുന്നത്. പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ച് റോഡും പാലവും അടിയന്തരമായി നവീകരികരിക്കാൻ ജനപ്രതിനിധികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.