സർവേ വകുപ്പിലെ ഔട്ട്ടേണ് പ്രഖ്യാപനം അശാസ്ത്രീയം: കേരള എൻജിഒ അസോസിയേഷൻ
1337932
Sunday, September 24, 2023 12:42 AM IST
കൽപ്പറ്റ: കേരള എൻജിഒ അസോസിയേഷൻ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
സർവേ വകുപ്പ് കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ സർവേകൾക്ക് ഔട്ട്ടേണ് നിശ്ചിയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് അശാസ്ത്രീയവും ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
വകുപ്പിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി വന്നിരുന്ന സർവേ ജോലികൾ പരാജയമാണെന്ന് വരുത്തി തീർത്ത് സ്വകാര്യവത്കരത്തിനുള്ള ഗൂഢശ്രമം നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുകയില്ല. സർവേയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള പരാതികൾ കേൾക്കാതെ സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചേർത്തു എന്ന് വരുത്തി തീർക്കുകയാണ് ചെയ്തത്. ഉത്തരവിറക്കിയപ്പോൾ ചർച്ചയിൽ ഉയർന്ന ആക്ഷേപങ്ങൾക്കൊന്നും പരിഗണന നൽകിയില്ല.
ജീവനക്കാരുടെ പ്രതിനിധികളെ ബോധ്യപ്പെടുത്തി ഔട്ട്ടേണ് നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർ പ്രക്ഷോഭങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. ടി. അജിത്ത്കുമാർ, എം.ജി. അനിൽകുമാർ, കെ.ഇ. ഷീജമോൾ, എം. നസീമ, എൻ.വി. അഗസ്റ്റിൻ, പി.ജെ. ഷിജു, കെ.എം. ഏലിയാസ്, ഇ.വി. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിജു ജോസഫ്, കെ.വി. ബിന്ദുലേഖ, കെ.സി. ജിനി, എം.വി. സതീഷ്, സി.എച്ച്. റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.