പോലീസ് അനുമതിക്ക് ഫീസ്: പ്രക്ഷോഭം നടത്തുമെന്ന് എഎപി
1337639
Saturday, September 23, 2023 12:18 AM IST
കൽപ്പറ്റ: പ്രകടനവും സമരവും മറ്റും നടത്തുന്നതിനുള്ള പോലീസ് അനുമതിക്ക് ഒക്ടോബർ ഒന്നു മുതൽ ഫീസ് ബാധകമാക്കിയ സർക്കാർ ഉത്തരവിനെതിരേ ആം ആദ്മി പാർട്ടി നിരന്തര പ്രക്ഷോഭം നടത്തി പ്രതികരിക്കും.
പാർട്ടി ജില്ലാ പ്രസിഡന്റ് അജി കൊളോണിയ, സെക്രട്ടറി ഡോ.എ.ടി. സുരേഷ്, ട്രഷറർ മനു മത്തായി, ബത്തേരി മണ്ഡലം പ്രസിഡന്റ് ഇ.വി. തോമസ്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ റോയി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ ഉത്തരവ് ജനാധിപത്യത്തോടും ഭരണഘടന പൗരൻമാർക്കു നൽകുന്ന അവകാശങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഗതകാലത്ത് പ്രതിഷേധങ്ങളിലൂടെയും സമരങ്ങളിലൂടെയും പലതും നേടിയെന്ന് അഭിമാനിക്കുന്നവർ ഭരിക്കുന്പോഴാണ് ജനവിരുദ്ധ ഉത്തരവ് ഇറക്കിയതെന്നത് പരിഹാസ്യമാണ്.
കെടുകാര്യസ്ഥതമൂലം കാലിയായ ഖജനാവ് നിറയ്ക്കുന്നതിനും ആർഭാടം തുടരുന്നതിനും പണം കണ്ടെത്താൻ സർക്കാർ ഏതു ഹീന മാർഗവും സ്വീകരിക്കും എന്നതിനു തെളിവാണ് ഉത്തരവ്. പ്രതിഷേധങ്ങളെ നേരിടാനുള്ള മാർഗമായും സർക്കാർ ഇതിനെ കാണുന്നുവെന്നു കരുതണം.
സമരങ്ങൾക്കു മറവിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരേ കേസെടുക്കണം. നഷ്ടപരിഹാരം ഈടാക്കണം. ഇക്കാര്യത്തിൽ എഎപിക്കു വിരുദ്ധാഭിപ്രായമില്ല. എന്നാൽ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശം ഫീസ് ചുമത്തി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.
ഉത്തരവ് പിൻവലിക്കുക, വൈദ്യുതി നിരക്ക് വർധന ഒഴിവാക്കുക, നികുതിക്കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് കൽപ്പറ്റ പഴയസ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ നടത്തും.
പാർട്ടി സംസ്ഥാന കമ്മിറ്റി പോലീസ് അനുമതി തേടാതെ ഒക്ടോബർ രണ്ടിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിൽനിന്നു 50 പേർ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.