ഏരിയപ്പള്ളി - കൊളവയൽ റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ നടപടി വേണമെന്ന്
1337262
Thursday, September 21, 2023 7:57 AM IST
പുൽപ്പള്ളി: മേഖലയിലെ യാത്രക്കാർക്ക് എളുപ്പത്തിൽ കൽപ്പറ്റയിലെത്താൻ കഴിയുന്ന എരിയപ്പള്ളി-കൊളവയൽ റോഡ് ടാറിംഗ് പ്രവൃത്തി വേഗത്തിലാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നവീകരണ പ്രവൃത്തികൾ ഇല്ലാതെ കാലങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുന്ന റോഡിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടാറിംഗിന് ഫണ്ട് അനുവദിച്ചത്.
കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്ന കൊളവയൽ, എരിയപ്പള്ളി റോഡ് നിർമാണ പ്രവൃത്തി പൂർത്തിയായാൽ പുൽപ്പള്ളി മേഖലയിലെ യാത്രക്കാർക്ക് എളുപ്പത്തിൽ കൽപ്പറ്റയിൽ എത്താൽ കഴിയും.
റോഡിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നതിന് അധികൃതർ വിമുഖത കാണിക്കുകയാണെന്നും വേണ്ടത്ര ഇടപെടൽ നടത്താൻ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും തയാറാകുന്നില്ലെന്നും ജനങ്ങൾ ആരോപിച്ചു. പുൽപ്പള്ളിയിൽ നിന്ന് പനമരം വഴി കൽപ്പറ്റയിലെത്താൻ വന്യമൃഗങ്ങളുള്ള വനപാതയിലുടെ വേണം സഞ്ചരിക്കാൻ. പുൽപ്പള്ളിയിൽ നിന്ന് ബത്തേരി വഴി കൽപ്പറ്റയിലെത്താനും വനപാത താണ്ടണം. ഇരുളും - മീനങ്ങാടി വഴിയുള്ള റോഡും വനത്തിലൂടെയാണ് കടന്നുപോകുന്നത്. ഏത് സമയത്തും വന്യമൃഗ ഭീഷണിയില്ലാതെ പുൽപ്പള്ളിയിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് പോകാൻ കഴിയുന്ന ഏക റോഡാണ് ഏരിയപ്പള്ളി - കൊളവയൽ റോഡ്.
പുൽപ്പള്ളിയിൽ നിന്ന് ഏരിയപ്പള്ളി - കൊളവയൽ വഴി കൽപ്പറ്റയെത്താൻ 50 മുതൽ 55 മിനിറ്റ് സമയമെടുക്കുന്നുണ്ട്. റോഡ് നവീകരണം പൂർത്തിയാക്കിയാൽ അരമണിക്കൂർകൊണ്ട് കൽപ്പറ്റയിൽ എത്താനാകും. 2017 - 2018 വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി ഏരിയപ്പള്ളി - കൊളവയൽ പാത നവീകരണത്തിന് 28.47 കോടി അനുവദിച്ചത്.
വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനും ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്നതിനുമടക്കമുള്ള തുക ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊളവയൽ മുതൽ അരിമുളവരെ 7.5 കിലോമീറ്ററും മണൽവയൽ മുതൽ ഏരിയപ്പള്ളി വരെ 2.7 കിലോമീറ്ററുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി അംഗീകരിക്കുന്ന സമയത്ത് ഇതിനിടയിലുള്ള ഭാഗത്ത് മരാമത്ത് വകുപ്പിന്റെ റോഡ് നവീകരണം നടന്നിരുന്നതിനാലാണ് ഉൾപ്പെടാതിരുന്നത്.
12 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനാണ് ഉദേശിക്കുന്നത്. അടിയന്തരമായി റോഡ് നിർമാണം ആരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.