ബാലചന്ദ്രൻ ദീർഘകാലം ജില്ലയിൽ കോണ്‍ഗ്രസിനെ നയിച്ച നേതാവ്
1337261
Thursday, September 21, 2023 7:57 AM IST
കൽപ്പറ്റ: കരൾ രോഗത്തിനു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മേപ്പാടി അരപ്പറ്റ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അന്തരിച്ച അന്പലവയൽ നരിക്കുണ്ട് ചന്ദ്ര എസ്റ്റേറ്റിൽ പി.വി. ബാലചന്ദ്രൻ ദീർഘകാലം വയനാട്ടിൽ കോണ്‍ഗ്രസിനെ നയിച്ച നേതാവ്. 2007ൽ പ്രഫ.കെ.പി. തോമസ് ഒഴിഞ്ഞതുമുതൽ 2012 ഡിസംബറിൽ കെ.എൽ. പൗലോസ് ചുമതലയേൽക്കുന്നതുവരെ വയനാട് ഡിസിസി അധ്യക്ഷ പദവി അലങ്കരിച്ചത് ബാലചന്ദ്രനാണ്. ഇദ്ദേഹം പ്രസിഡന്റായിരിക്കെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിർമാണം നടന്നത്.
ബാലചന്ദ്രന്റെ പൊതുജീവിതത്തിനു 50 വർഷത്തിലേറെയാണ് പഴക്കം. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായിരിക്കെ കെ. കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയ ബാലചന്ദ്രൻ പിന്നീട് പടവുകൾ ഒന്നൊന്നായി കയറിയാണ് പാർട്ടി ജില്ലാ അധ്യക്ഷ പദവിയിൽ എത്തിയത്.
ഒടുവിൽ കോണ്ഗ്രസുകാരനല്ലാതെ, സിപിഎം സഹയാത്രികനായാണ് അദ്ദേഹത്തിന്റെ മടക്കം. മനസുപൊള്ളിച്ച ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ അഞ്ചിനാണ് പാർട്ടിയിൽനിന്നു രാജിവച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിനു വിരുദ്ധമായി 1990ൽ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ അന്പലവയൽ ഡിവിഷനിൽ കോണ്‍ഗ്രസ് വിമതനായി ബാലചന്ദ്രൻ മത്സരിച്ചു ജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിലെ കെ.ജെ. ദേവസ്യയായിരുന്നു ഡിവിഷനിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.
രാഷ്ട്രീയ എതിരാളികളും അംഗീകരിക്കുന്നതായിരുന്നു ബാലചന്ദ്രന്റെ നേതൃപാടവം. 2010ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വയനാട് യുഡിഎഫ് തൂത്തുവാരി.
തദ്ദേശ സ്ഥാപനങ്ങളിൽ നാല് പഞ്ചായത്തുകൾ ഒഴികെയുള്ളത് യുഡിഎഫിനാണ് ലഭിച്ചത്. ബാലചന്ദ്രന്റെ തന്ത്രങ്ങളായിരുന്നു ഈ വിജയത്തിനു പിന്നിൽ. ഏറ്റവും ഒടുവിൽ സിപിഎം സഹയാത്രികനായതിനുശേഷം മുട്ടിൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന്റെ കൈകളിലെത്തിക്കാൻ ബാലചന്ദ്രൻ നടത്തിയ വിഫലശ്രമം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം, കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ്, കെപിസിസി നിർവാഹക സമിതിയംഗം എന്നീ സ്ഥാനങ്ങൾ ബാലചന്ദ്രൻ വഹിച്ചിട്ടുണ്ട്. അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബാലചന്ദ്രന്റെ ഭൗതികശരീരം മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംസ്കാരം.
അന്നു രാവിലെ ഒന്‍പത് മുതൽ 12 വരെ അന്പലവയൽ ഗവ.ഹെസ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. പരേതനോടുള്ള ആദരസൂചകമായി ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാലുവരെ അന്പലവയൽ ടൗണിൽ ഹർത്താൽ ആചരിക്കും. സംസ്കാരത്തിനുശേഷം അന്പലവയൽ മൗനജാഥയും സർവകക്ഷി അനുശോചന യോഗവും നടത്തും.