തിരികെ സ്കൂളിലേക്ക്: ജില്ലാതല പരിശീലനം സമാപിച്ചു
1337254
Thursday, September 21, 2023 7:57 AM IST
കൽപ്പറ്റ: കുടുംബശ്രീ നടപ്പാക്കുന്ന തിരികെ സ്കൂളിലേക്ക് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഉൾപ്പെടുത്തി പഠന പ്രവർത്തനത്തിന്റെ ഭാഗമായി മീനങ്ങാടിയിൽ നടത്തിയ ജില്ലാതല ആർ.പി. പരിശീലനം സമാപിച്ചു.
മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലനത്തിന് കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ നേതൃത്വം നൽകി. സിഡിഎസ് തലത്തിൽ പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ച ബ്ലോക്ക്തല ചർച്ചകളും ആസൂത്രണ യോഗത്തിന്റെ ഭാഗമായി നടന്നു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ആർപിമാർ ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു.
ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ സി.കെ. പവിത്രൻ, പി.എ. ജാനകി, ഓക്സിലറി സംസ്ഥാന റിസോഴ്സ് പേഴ്സണ്‍മാരായ എസ്.കെ. ശ്രീല, കെ.വി. അശ്വതി, ഇ.സി. മായ തുടങ്ങിയവർ ക്ലാസെടുത്തു.
23 മുതൽ 25വരെ ബ്ലോക്ക്തല പരിശീലനം സംഘടിപ്പിക്കും. ബ്ലോക്ക് കോർഡിനേറ്റർമാരായ കെ.യു. സജ്ന, രേഷ്മ സി. നായർ, ആതിര മധു, അനുശ്രീ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. സംസ്ഥാന കോർ ടീം അംഗം ഡോ.രാജശേഖരൻ, അസിസ്റ്റന്റ് ജില്ല മിഷൻ കോർഡിനേറ്റർമാരായ കെ.എം. സലീന, വി.കെ. റെജീന, ജില്ല പ്രോഗ്രാം മാനേജർ പി.കെ. സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു.