പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്: സംയുക്ത സംഘം സ്ഥലപരിശോധന നടത്തി
1337012
Wednesday, September 20, 2023 8:10 AM IST
പടിഞ്ഞാറത്തറ: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കാൻ ഉതകുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാതയിൽ കുറ്റ്യാംവയൽ മുതൽ സൗത്ത് വയനാട് വനം ഡിവിഷൻ അതിർത്തിയായ കരിങ്കണി വരേ സംയുക്ത സംഘം പരിശോധന നടത്തി.
പൂഴിത്തോട് റോഡ് കർമ സമിതിയുടെ നിവേദനത്തെത്തുടർന്ന് ജില്ലാ വികസന സമിതി തീരുമാനിച്ചതനുസരിച്ചായിരുന്നു പരിശോധന. റവന്യൂ, വനം, പൊതുമരാമത്ത്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിൽനിന്നായി 20 ഓളം ഉദ്യോഗസ്ഥരും 30 ഓളം കർമസമിതി പ്രവർത്തകരും പരിശോധനയിൽ പങ്കെടുത്തു. രാവിലെ കുറ്റ്യാംവയലിലായിരുന്നു തുടക്കം.
പൊതുമരാമത്ത് ഇഇ സിജി കരുണാകരൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എ. നീതു, കെഎസ്ഇബി എഇ കൃഷ്ണൻ മാപ്പുടിശേരി, വില്ലേജ് ഓഫീസർമാരായ ടി.പി. വാസുദേവൻ, ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി. പരിശോധനാസംഘത്തിന് കുറ്റ്യാംവയലിൽ ത്രിതല പഞ്ചായത് പ്രതിനിധികളും നാട്ടുകാരും യാത്രയയപ്പ് നൽകി. ഫാ. സജീഷ് വടശേരി, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഷിബു, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ തുടങ്ങിയവർ ചേർന്ന് പരിശോധനയ്ക്കായുള്ള യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. അബ്ദുറഹ്മാൻ, റഷീദ് വാഴയിൽ, ബിജു ബാബു, യു.എസ്. സജി, ഈന്തൻ ബഷീർ, കെ. സുകുമാരൻ തുടങ്ങിയവർ ഉദ്യോഗസ്ഥ സംഘത്തെ അനുഗമിച്ചു.
കർമ സമിതി ഭാരവാഹികളായ ഒ.ജെ. ജോണ്സണ്, ബെന്നി മാണിക്യത്ത്, യു.എൻ. സജി എന്നിവർ സൗകര്യങ്ങളൊരുക്കി. സർവേയ്ക്കുശേഷം തിരിച്ചെത്തിയ സംഘത്തിന് പടിഞ്ഞാറത്തറയിൽ സ്വീകരണം നൽകി. സമാനരീതിയിൽ അടുത്ത ദിവസങ്ങളിൽ റോഡിൽ കോഴിക്കോട് ജില്ലയിയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലും പരിശോധന നടക്കും. ഇതിനുശേഷം ഉദ്യോഗസ്ഥ സംഘം സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കർമ സമിതി. റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി കമൽ കുറ്റിയാംവയൽ, ശകുന്തള ഷണ്മുഖൻ, സാജൻ തുരുത്തിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കർമസമിതി സമരങ്ങൾ നടത്തിവരികയാണ്.
പടിഞ്ഞാറത്തറയ്ക്കു പുറമേ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, ചെന്പനോട എന്നിവിടങ്ങളും സമരങ്ങൾ നടക്കുന്നുണ്ട്. ചുരം ബദൽ പാതയായി 30 വർഷം മുന്പ് സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ് പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തതാണ് റോഡ് പ്രവൃത്തി.
പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം. 70 ശതമാനം പ്രവൃത്തി നടത്തിയെങ്കിലും വിട്ടുകിട്ടാത്തതിനാൽ വനഭൂമിയിൽ നിർമാണം നടന്നില്ല. വനത്തിലൂടെ 8.25 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ഇതിനു ഏകദേശം 52 ഏക്കർ ഭൂമിയാണ് ആവശ്യം.
പകരം 104 ഏക്കർ സ്ഥലം പഞ്ചായത്തുകൾ വനം വകുപ്പിന് കൈമാറിയിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. റോഡിനായി വിട്ടുകൊടുക്കേണ്ടത് റിസർവ് വനമാണെന്ന് വനം വകുപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് വനഭൂമിയിൽ പ്രവൃത്തി നടത്തുന്നതിനുള്ള അനുമതിക്കു തടസമായി കർമ സമിതി ഭാരവാഹികൾ പറയുന്നത്. തെറ്റായ ഈ റിപ്പോർട്ട് തിരുത്തി റോഡുപണിക്ക് വനഭൂമി ലഭ്യമാക്കണമെന്നാണ് കർമ സമിതിയുടെ ആവശ്യം.