പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് : സംയുക്ത സർവേ ഇന്ന്
1336766
Tuesday, September 19, 2023 8:02 AM IST
കൽപ്പറ്റ: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കാൻ ഉതകുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാതയിൽ കുറ്റ്യാംവയൽ മുതൽ കരിങ്കണി വരെ പ്രാഥമിക സംയുക്ത സർവേ ഇന്ന് നടത്തും. രാവിലെ 8.30ന് കുറ്റ്യാംവയലിൽ ആരംഭിക്കുന്ന സർവേയിൽ റവന്യൂ, വനം വകുപ്പുകളിലെയും പടിഞ്ഞാറത്തറ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും. പൂഴിത്തോട് റോഡ് കർമ സമിതി പ്രവർത്തകരും നാട്ടുകാരും സർവേയിൽ ഉദ്യോഗസ്ഥരെ സഹായിക്കും.
കർമസമിതിയുടെ നിവേദനത്തിൽ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചതനുസരിച്ചാണ് സംയുക്ത സർവേ. കുറ്റ്യാംവയൽ മുതൽ സൗത്ത് വയനാട് വനം ഡിവിഷൻ അതിർത്തിയായ കരിങ്കണ്ണി വരെ റോഡ് കടന്നുപോകേണ്ട ഭാഗത്ത് റിസർവ് വനം, ആനത്താര എന്നിവ ഉൾപ്പെടുന്നുണ്ടോ എന്നതടക്കം കാര്യങ്ങൾ സർവേ സംഘം പരിശോധിക്കും.
ചുരം ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി മാസങ്ങളായി സമരം ചെയ്യുന്ന കർമ സമിതിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സർവേ സുപ്രധാനമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ചുരം ബദൽ പാതയായി 30 വർഷം മുന്പ് സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ് പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്.
1992ൽ നടന്നതാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് സർവേ. 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം. 70 ശതമാനം പ്രവൃത്തി നടത്തിയെങ്കിലും വനഭൂമി വിട്ടുകിട്ടാത്തതിനാൽ നിർമാണം പൂർത്തിയാക്കാനായില്ല.
വനത്തിലൂടെ 8.25 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ഇതിനു ഏകദേശം 52 ഏക്കർ ഭൂമിയാണ് ആവശ്യം. പകരം 104 ഏക്കർ സ്ഥലം പഞ്ചായത്തുകൾ വനം വകുപ്പിന് കൈമാറിയിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. റോഡ് നിർമാണത്തിനു വനഭൂമി വിട്ടുകിട്ടുന്നതിനു മാറിമാറിവന്ന സംസ്ഥാന സർക്കാരുകൾ കേന്ദ്ര മന്ത്രാലയത്തിൽ മതിയായ സമ്മർദം ചെലുത്തിയില്ല. രാഹുൽഗാന്ധി എംപിയുടെ ശ്രമങ്ങളും പ്രവൃത്തി പൂർത്തിയാക്കുന്നതിലെ തടസം നീക്കുന്നതിനു ഉതകിയില്ല.
വനത്തിലൂടെ റോഡ് നിർമിക്കുന്നതിനു അനുകൂലമല്ല വനം അധികാരികളുടെ നിലപാട്. റോഡിനായി ഉപയോഗപ്പെടുത്തേണ്ടത് ആനത്താര ഉൾപ്പെടുന്ന റിസർവ് വനമാണെന്ന വാദമാണ് വനം അധികൃതർ ഉയർത്തുന്നത്.
എന്നാൽ കുറ്റ്യാംവയലിനും കരിങ്കണ്ണിക്കുമിടയിൽ ആനത്താര ഇല്ലെന്നും കൂടുതലും നിക്ഷിപ്ത വനമാണെന്നും കർമ സമിതി ഭാരവാഹികൾ പറയുന്നു. മഴക്കാലങ്ങളിൽ താമരശേരി, കുറ്റ്യാടി ചുരങ്ങളിൽ മണ്ണും പാറക്കെട്ടുകളും ഇടിഞ്ഞു ഗതാഗത തടസം ഉണ്ടാകുന്പോൾ അത്യാവശ്യങ്ങൾക്കു കോഴിക്കോടുമായി ബന്ധപ്പെടുന്നതിനു പ്രയാസപ്പെടുകയാണ് വയനാട്ടുകാർ. ദിവസങ്ങളോളം ജില്ല ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതിനു പരിഹാരമാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്.