ശ്രേയസി വെങ്ങോലി ‘മിസിസ് വയനാടൻ മങ്ക’
1336764
Tuesday, September 19, 2023 8:02 AM IST
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് 18 വയസിനു മുകളിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ശ്രേയസി വെങ്ങോലി ’മിസിസ് വയനാടൻ മങ്ക’ പട്ടം നേടി. കൽപ്പറ്റ ജിഎസ്ടി ഓഫീസിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസറാണ് ശ്രേയസി. മർസ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ഷോയിൽ ഡോ.വീനിത നരേന്ദ്രൻ രണ്ടാം സ്ഥാനവും തൊഴിൽ വകുപ്പിൽ ഉദ്യോഗസ്ഥയായ സംഗീത ബിനു മൂന്നാം സ്ഥാനവും നേടി.
15 പേരാണ് ’മിസിസ് വയനാടൻ മങ്ക’ പട്ടത്തിനു മാറ്റുരച്ചത്. സ്വയം പരിചയപ്പെടുത്തൽ, റാന്പ് വാക്, ചോദ്യോത്തരവേള എന്നീ റൗണ്ടുകൾ അടങ്ങുന്നതായിരുന്നു മത്സരം. സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റും റെഡ്ലിപ്സ് ആൻഡ് റേഡിയന്റ് ഫാമിലി സലൂണ്‍ ഉടമസ്ഥയുമായ ദീപ, മുൻ മിസിസ് കേരള റണ്ണർ അപ്പും ഡെന്റിസ്റ്റുമായ ഡോ.ശാലി എന്നിവർ വിധികർത്താക്കളായി. ഫാഷൻ മേഖലയിൽ പ്രവർത്തിക്കുന്ന റോമ മൻസൂർ കൊാറിയോഗ്രാഫറും റേഡിയോ ജോക്കി മനു അവതാരകനുമായിരുന്നു.
മുൻ മിസ്റ്റർ ഇന്ത്യയും ചലച്ചിത്ര താരവുമായ അബു സലിം, ചലച്ചിത്ര പ്രവർത്തകൻ അനുണ്‍ മാമൻ എന്നിവർ വിശിഷ്ടാതിഥികളായി. വിമൻ ചേംബർ പ്രസിഡന്റ് അന്ന ബെന്നി, സെക്രട്ടറി ബിന്ദു മിൽട്ടൻ, പാർവതി വിഷ്ണുദാസ്, ബീന സുരേഷ്, നിഷ ബിബിൻ, എം.ഡി. ശ്യാമള, സജിനി ലതീഷ്, ലിലിയ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.