റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്കിൽ പ്രതിഷേധം ശക്തം
1301459
Friday, June 9, 2023 11:44 PM IST
മാനന്തവാടി: നഗരസഭയിലെ കണിയാരം-വിളനിലം-പിലാക്കാവ് റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്കിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തം. ആരംഭിച്ച് 20 മാസം കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയില്ല. റീ ബീൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി. സംരക്ഷണ ഭിത്തി കെട്ടലും ഏതാനും കലുങ്ക് നിർമാണവുമാണ് ഇതിനകം നടന്നത്. 300ഓളം കുടുംബങ്ങൾ യാത്രയ്ക്കു ആശ്രയിക്കുന്നതാണ് റോഡ്. മാനന്തവാടിയിൽനിന്നു പിലാക്കാവിലേക്കുള്ള എളുപ്പമാർഗവുമാണിത്.
ചെറുമഴയിൽ പോലും റോഡ് ചെളിക്കളമാകും. ഇത് കാൽനടയാത്രയും പ്രയാസത്തിലാകും. രോഗികളെ സാഹസപ്പെട്ടാണ് ആശുപത്രിയിൽ എത്തിക്കുന്നത്. പ്രദേശത്ത് കിടപ്പുരോഗികളും വയോധികരും നിരവധിയാണ്. റോഡിന്റെ ദുരവസ്ഥ കാർഷിക ഉത്പന്നങ്ങൾ സുഗമമായി വിപണിയിൽ എത്തിക്കുന്നതിനും വിഘ്നമാകുകയാണ്. പ്രവൃത്തി ഇനിയും ഇട്ടുതല്ലിയാൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.