സംഘാടക സമിതി യോഗം ചേർന്നു
1301457
Friday, June 9, 2023 11:44 PM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ സംഘാടക സമിതി യോഗം ചേർന്നു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം 13 നകം നടത്താൻ തീരുമാനിച്ചു. വിജ്ഞാന തൊഴിൽ ഓറിയന്റേഷനും സ്കിൽ അസസ്മെന്റും 15 ന് ട്രൈസം ഹാളിൽ നടത്തും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്കായി വിജ്ഞാന തൊഴിൽമേള ജൂലൈ ഒന്‍പതിന് നടത്താൻ തീരുമാനിച്ചു. തൊഴിൽ അന്വേഷകർക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങളും പരിശീലനങ്ങളും ഉറപ്പുവരുത്തുന്നതിനായി വാർഡ് അംഗങ്ങളുടേയും ഡിവിഷണൽ അംഗങ്ങളുടേയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു.
തൊഴിൽ അന്വേഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി അതത് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങളെയും കമ്മ്യൂണിറ്റി എംബസിമാരെയും ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അധ്യക്ഷത വഹിച്ചു.
അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളി സുധി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അനീഷ് ബി. നായർ, ലത ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയൻ, ബ്ലോക്ക് ഡെവലപ്മന്റ് ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കഐഎസ്ഇ ജില്ലാ കോർഡിനേറ്റർമാർ, കെകെഇഎം, അസാപ് പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.