വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്
1301166
Thursday, June 8, 2023 11:33 PM IST
കൽപ്പറ്റ: ജില്ലയിൽ ജലജന്യരോഗങ്ങൾക്കെതിരേ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങൾ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് പറഞ്ഞു. വയറിളക്കരോഗങ്ങളുണ്ടായാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുകയും ചെയ്യണം.
പ്രതിരോധ മാർഗങ്ങൾ
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിക്കുക.
* പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
* ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക
* ഭക്ഷണ സാധനങ്ങൾ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത്.
* ആഹാരം കഴിക്കുന്നതിനു മുന്പും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
* കുടിവെള്ള സ്രോതസുകൾ മലിനമാക്കാതിരുക്കുക; ക്ലോറിനേഷൻവഴി അണുനശീകരണം നടത്തുക.
* കിണറിനു ചുറ്റുമതിൽ കെട്ടുക; കിണർ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.
* ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
* ജല പരിശോധന നടത്തി വെള്ളം രോഗാണുമുക്തമാണെന്ന് ഉറപ്പുവരുത്തുക.
* ഹോട്ടലുകൾ, തട്ടുകടകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുക.
* ഫുഡ് സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുക.
* മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക. മലപരിശോധന നടത്തി,
രോഗകാരണം കണ്ടുപിടിച്ച്, ഫലപ്രദമായ ചികിത്സ നൽകുക.