അജ്മൽ ഹസന്റെ ഓർമകൾ ഇനി മാനന്തവാടി ഗവ. യുപിയിലും
1301165
Thursday, June 8, 2023 11:33 PM IST
മാനന്തവാടി: സാംസ്കാരിക-ജീവകാരുണ്യമേഖലകളിൽ നിറസാന്നിധ്യമായിരുന്ന ശാന്തിനഗർ സൂരജ് മൻസിലിൽ അജ്മൽ ഹസന്റെ ഓർമകൾ ഇനി ഗവ.യുപിയിലും. വിദ്യാലയത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ സ്മാർട്ട് മുറികളിൽ മേപ്പാടി ഡോ.മൂപ്പൻസ് കോളജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രഫസറായിരിക്കെ മരിച്ച അജ്മലിന്റെ ഓർമകൾ നിറയും. ഡിവൈഎഫ്ഐ മാനന്തവാടി മേഖലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നതിനിടെയായിരുന്നു മുപ്പത്തഞ്ചാം വയസിൽ അജ്മലിന്റെ വിയോഗം.
അജ്മൽ മുന്പ് പഠിപ്പിച്ച പാലക്കാട് തിരുമിറ്റക്കോട് കരുണ കോളജ് ഓഫ് ഫാർമസിയിലെ പൂർവി വിദ്യാർഥി സംഘടനയാണ് അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്താൻ ഗവ.യുപി സ്കൂളിലെ അഞ്ച് ക്ലാസ് മുറികൾ സ്മാർട്ടാക്കിയത്.
ഗവ.യുപി സ്കൂളിലെ അഞ്ച് ക്ലാസ് മുറികൾ സ്മാർട്ടാക്കിയത്. ഏഴ് ലക്ഷത്തോളം രൂപയാണ് ഇതിനു ചെലവഴിച്ചത്. വിദ്യാഭ്യാസ വകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ പരേതനായ ഹസന്റെയും വയനാട് എൻജിനിയറിംഗ് കോളജ് മുൻ ജീവനക്കാരി സൈനബയുടെയും മകനാണ് അജ്മൽ. പാൻക്രിയാസ് സംബന്ധമായ അസുഖത്തെത്തുടർന്നു2022 ഡിസംബർ ആറിനായിരുന്നു മരണം.
സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അഡ്വ.സിന്ധു സെബാസ്റ്റ്യൻ നിർവഹിച്ചു. കരുണ ഫാർമസി പൂർവ വിദ്യാർഥി കൂട്ടായ്മയ്ക്കുള്ള മെമന്റോ അവർ കൈമാറി.