മഴക്കാല മുന്നൊരുക്കം: കളക്ടർ കോളനികൾ സന്ദർശിച്ചു
1301159
Thursday, June 8, 2023 11:33 PM IST
കൽപ്പറ്റ: ജില്ലാ കളക്ടർ ഡോ.രേണുരാജ് ആദിവാസി കോളനികൾ സന്ദർശിച്ച് മഴക്കാല മുന്നൊരുക്കം വിലയിരുത്തി. തോണിച്ചാൽ കല്ലടിക്കുന്ന് , കാരക്കുനി, ചെറുവയൽ, അഞ്ചുകുന്ന് കാപ്പുംകുന്ന് കോളനികളിലാണ് കളക്ടർ എത്തിയത്. 37 കുടുംബങ്ങൾ താമസിക്കുന്ന കല്ലടിക്കുന്ന് കോളനിയിലെ വീടുകൾ, കുടിവെളള സ്രോതസുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കളക്ടർ വിലയിരുത്തി. കോളനിവാസികളിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർക്കു നിർദേശം നൽകി.
കാരക്കുനി അങ്കണവാടി, മാമാട്ടുകുന്നിലെ കണ്ണൂർ യൂണിവേഴ്സിറ്റി ബിഎഡ് സെന്റർ, നല്ലൂർനാട് ട്രൈബൽ ഹോസ്റ്റൽ, നല്ലൂർനാട് കാൻസർ സെന്റർ എന്നിവിടങ്ങളിലും കളക്ടർ സന്ദർശനം നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സി. ഇസ്മയിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ ഒ. നൗഷാദ്, ടി. നജുമുദ്ദീൻ, വിദ്യാഭ്യാസ വകുപ്പ് ജൂണിയർ സൂപ്രണ്ട് മുഹമ്മദ് അഷ്റഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.