കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വനം വകുപ്പിനു മന്ദഗതി
1300931
Thursday, June 8, 2023 12:14 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യൂ പട്ടയഭൂമികളിൽനിന്നു അനധികൃതമായി മുറിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തടികളുടെ സംരക്ഷണം മുൻനിർത്തി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിൽ വനം വകുപ്പിനു മന്ദഗതി. തടികൾ മേൽക്കൂരയുള്ള ഷെഡിൽ നിലത്തുനിന്നു മതിയായ ഉയരത്തിൽ വെയിലോ മഴയോ ഈർപ്പമോ തട്ടാതെ കേസ് തീർപ്പാകുന്നതുവരെ സൂക്ഷിക്കണമെന്ന ജനുവരി 12ലെ കോടതി ഉത്തരവിനാണ് ദുർഗതി.
ഉത്തരവ് പ്രാവർത്തികമാക്കുന്നതിനു ഒരു മാസത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് മതിയായ നടപടികൾ സ്വീകരിച്ചില്ല. മുട്ടിൽ സൗത്ത് വില്ലേജിൽനിന്നു മുറിച്ച 231 ക്യുബിക് മീറ്റർ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. ബത്തേരി പുത്തൻകുന്നിൽനിന്നു മുറിച്ച 18.75 മീറ്റർ തേക്കും ഇതേ ഡിപ്പോയിലുണ്ട്.
കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികൾ കണ്ടുകെട്ടുന്നതു സ്റ്റേ ചെയ്യുന്നതിനു കേസിൽ ഉൾപ്പെട്ട അഗസ്റ്റിൻ സഹോദരൻമാർ ജില്ലാ കോടതിയിൽ ഹർജി സർപ്പിച്ചിരുന്നു. ഇതിൽ വാദം കേൾക്കവേ, കസ്റ്റഡിയിലുള്ള തടികൾ വെയിലും മഴയുമേറ്റ് നശിക്കാൻ സാധ്യതയുണ്ടന്ന് വനം വകുപ്പ് കോടതിയിൽ സമ്മതിച്ചിരുന്നു. തടികൾ ലേലം ചെയ്യുന്നതുവരെ സംരക്ഷിക്കുന്നിതിനു സംവിധാനം വനം വകുപ്പിനുണ്ടെന്നും സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ അറിയിച്ചു.
തടികൾ കണ്ടുകെട്ടുന്നതിൽ ഹർജിക്കാർക്കു അനുകൂലമായാണ് കോടതി ഉത്തരവായത്. ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ മരക്കച്ചവടക്കാരയ തങ്ങൾ വിലകൊടുത്ത് കർഷകരിൽനിന്നു വാങ്ങിയതാണെന്നും ലൈസൻസും രജിസ്ട്രേഷൻ മാർക്കും വനം വകുപ്പിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു. ഹർജിയെ എതിർത്തെങ്കിലും കസ്റ്റഡിയിലുള്ള തടികൾ ഹർജിക്കാർ ഭൂവുടമകളിൽനിന്നു വിലകൊടുത്തുവാങ്ങിയതാണെന്നു ഡിഎഫ്ഒ കോടതിയിൽ സമ്മതിച്ചു. ലൈസൻസും രജിസ്ട്രേഷൻ മാർക്കും ഹരജിക്കാർക്ക് ഉണ്ടെന്നും വ്യക്തമാക്കി. കണ്ടുകെട്ടൽ നടപടിക്ക് വിധേയമായ തടികൾ കേസിൽ കക്ഷികളായ അഗസ്റ്റിൻ സഹോദരൻമാർ വിലയ്ക്കു വാങ്ങിയതാണെന്നു കോടതി കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് കേസ് തീർപ്പാകുന്നതുവരെ കണ്ടുകെട്ടൽ നടപടികൾ കോടതി സ്റ്റേ ചെയ്തത്.
റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിർത്തതും നട്ടുവളർത്തിയതുമായ മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റവന്യൂ പട്ടയഭൂമികളിൽ ഈട്ടി, തേക്ക് മുറി നടന്നത്. മുട്ടിൽ സൗത്ത് വില്ലേജിൽ മുറിച്ച മരങ്ങൾ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മഴകൊണ്ടും വെയിലേറ്റ് വിള്ളലുകൾ രൂപപ്പെട്ടും നിറം മങ്ങിയും ഈ തടികളുടെ ഗുണനിലവാരം അനുദിനം കുറയുകയാണ്. ഇതിന്റെ ഉത്തരവാദിത്തം വനം വകുപ്പിനു മാത്രമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നവർ നിയമരംഗത്തടക്കമുണ്ട്.
റവന്യൂ പട്ടയ ഭൂമികളിൽ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 43 ഒആർ കേസുകളിൽ കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. പൊതുമുതൽ നശിപ്പിച്ചിച്ചതിനടക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ഒറ്റക്കേസായാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. പിടിച്ചെടുത്ത ഈട്ടിത്തടികളുടെ ഡിഎൻഎ പരിശോധനാഫലം ലഭിക്കാത്തതാണ് കുറ്റപത്ര സമർപ്പണം വൈകുന്നതിനു കാരണമെന്ന് അറിയുന്നത്. പ്രായം കണക്കാക്കുന്നതിനാണ് തടികളുടെ സാംപിൾ തൃശൂർ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാർക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.