പ്ലാസ്റ്റിക് രാക്ഷസനെ പിടിച്ചുകെട്ടി കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂൾ
1300665
Wednesday, June 7, 2023 12:06 AM IST
കല്ലോടി: പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന മുദ്രാവാക്യം മുൻനിർത്തി കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഹരിതവത്കരണ പദ്ധതിക്ക് വൃക്ഷത്തൈ നട്ടു കൊണ്ട് തുടക്കം കുറിച്ചു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രഖ്യാപനം നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനായ ഡോ. ജോസഫ് മക്കോളിൽ (കുസാറ്റ് ശാസ്ത്രജ്ഞൻ) പരിസ്ഥിതിദിന സന്ദേശം നൽകി. വിദ്യാർഥി പ്രതിനിധികളായ ക്ലമന്റ് അഗസ്റ്റിൻ പരിസ്ഥിതിദിന കവിതയും ഹന്ന കാർമൽ പരിസ്ഥിതി സംരക്ഷണ സന്ദേശവും നൽകി.
സ്കൂൾ ക്വയർ പരിസ്ഥിതിദിന ഗാനം ആലപിച്ചു. പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് 'കരതലത്താലൊരു തരു നിർമാണം' ഉദ്ഘാടനം ചെയ്തു. വിവിധ വർണങ്ങളിൽ വിദ്യാർഥികളും വിശിഷ്ടാതിഥികളും കൈമുക്കി കാൻവാസിൽ മരം വരച്ചു. സീനിയർ അധ്യാപിക കാതറൈൻ സി. തോമസ് ശലഭോദ്യാനവും സ്റ്റാഫ് സെക്രട്ടറി എം.ജെ. ജിഷിൻ ജൈവ പച്ചക്കറിത്തോട്ടവും ഉദ്ഘാടനവും ചെയ്തു. പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫ്ളാഷ് മോബ്, പ്ലാസ്റ്റിക് രാക്ഷസനെ ബന്ധിക്കൽ എന്നീ പരിപാടികൾക്ക് പരിസ്ഥിതി ക്ലബ് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, എംപിടിഎ പ്രസിഡന്റ് നീതു സെബാസ്റ്റ്യൻ, പരിസ്ഥിതി ക്ലബ് കണ്വീനർ ബിജിത ജോസ് എന്നിവർ പ്രസംഗിച്ചു.