ജില്ലയിൽ 61 വീടുകളിലും 578 സർക്കാർ ഓഫീസുകളിലും കെ ഫോണെത്തി
1300463
Tuesday, June 6, 2023 12:22 AM IST
കൽപ്പറ്റ: ജില്ലയിൽ കെ ഫോണ് പദ്ധതിക്ക് തുടക്കമായി. 1016 കിലോമീറ്റർ ദൈർഘ്യത്തിലാണ് കെ ഫോണ് ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല പൂർത്തിയായത്. 578 സർക്കാർ ഓഫീസുകളിലും 61 വീടുകളിലും ആദ്യഘട്ടത്തിൽ കെ ഫോണ് കണക്ഷൻ നൽകി.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡല അടിസ്ഥാനത്തിലും പ്രാദേശിക ഉദ്ഘാടനങ്ങൾ നടന്നു. മാനന്തവാടിയിൽ ഒ.ആർ. കേളു എംഎൽഎ കെ ഫോണ് പ്രാദേശികതല ഉദ്ഘാടനം നിർവഹിച്ചു.
മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡല പരിധിയിലെ 224 സർക്കാർ സ്ഥാപനങ്ങളിലും 18 ബിപിഎൽ കുടുംബങ്ങൾക്കുമാണ് കെഫോണിന്റെ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.
കൽപ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ഓഫീസിൽ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. ബത്തേരി നിയോജക മണ്ഡലത്തിൽ സർവജന ഗവ. വൊക്കേഷണൽ ഹയർസക്കൻഡറിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.