പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും
1300194
Monday, June 5, 2023 12:02 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു സഹകരണ മന്ത്രിയുടെ നിർദേശാനുസരണം രജിസ്ട്രാർ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് പുൽപ്പള്ളിയിലെത്തും. ഡെപ്യൂട്ടി രജിസ്ട്രാർ ടി.അയ്യപ്പൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ അരുണ് വി. സജികുമാർ, സഹകരണ ഉദ്യോഗസ്ഥരായ ആർ. രാജാറാം, പി. ജ്യോതിഷ്കുമാർ, എം. ബബീഷ് എന്നിവർ അംഗങ്ങളാണ്.
വായ്പ വിതരണത്തിലെ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തി-ബാധ്യതകൾ, ബാങ്കിന്റെ പൊതുഫണ്ട് ദുർവിനിയോഗം എന്നിവ അന്വേഷണ വിഷയങ്ങളാണ്.
ബാങ്കിൽ മുൻ കോണ്ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ചു നിരവധി പരാതികൾ ഉയർന്നിരുന്നു. വായ്പ തട്ടിപ്പിനു ഇരയായി കടക്കെണിയിൽപ്പെട്ട കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണത്തിനു സംഘത്തെ നിയോഗിച്ചത്.
സഹകരണ സംഘം രജിസ്ട്രാർ സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയിയത്.
2015-16ൽ ബാങ്കിൽ നടന്ന ഇടപാടുകളിൽ ബിനാമി വായ്പ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നതായി മുന്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാണ്.
തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കൽ, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ വഴിവിട്ട് വായ്പ, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപ്പർട്ടി ഇൻസ്പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കൽ, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകൽ, പണയസ്വത്തുക്കളെക്കുറിച്ചു അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ ചേർക്കൽ... ഇങ്ങനെ നീളുന്നതാണ് മുന്പു കണ്ടെത്തിയ ക്രമക്കേടുകൾ.