പലിശ സബ്സിഡി ഉടൻ ലഭ്യമാക്കണമെന്ന് കെസിഇഎഫ്
1299977
Sunday, June 4, 2023 7:38 AM IST
കൽപ്പറ്റ: കാർഷിക വായ്പകളിൽ അനുവദിച്ച പലിശ ഇളവ് സഹകരണ ബാങ്കുകൾക്കു ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പലിശ ഇളവ് വകയിൽ ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് 35 കോടിയിൽപരം രൂപ സർക്കാരിൽനിന്നു ലഭിക്കാനുണ്ട്. ബാങ്കുകൾ
പലിശ രഹിത കാർഷിക വായ്പാപദ്ധതി നിർത്തിവച്ചിരിക്കയാണ്. ഇത് കർഷകരും ബാങ്ക് അധികാരികളുമായുള്ള ബന്ധം വഷളാകുന്നതിനു കാരണമാകുകയാണ്.
കടാശ്വാസ കമ്മീഷൻ വിധിയുടെ അടിസ്ഥാനത്തിൽ ഋണാശ്വാസം നൽകിയ ഇനത്തിൽ ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് ഏകദേശം 22 കോടി രൂപ സർക്കാരിൽനിന്നു ലഭിക്കാനുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ സമ്മേളനം ജൂലൈ ഒന്പതിനു കൽപ്പറ്റയിൽ നടത്താൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സി. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഡി. ഷിജു അധ്യക്ഷത വഹിച്ചു. കെ. സുനിൽ, ജിൻസണ് മാത്യു, എം.പി. രേണുക, കെ.എൻ. ജയപ്രകാശ്, വി.എൻ. ശ്രീകുമാർ, പി.എൻ. സുധാകരൻ, പി. ജിജു, ജിഷ ആനന്ദ്, റോയ് തോമസ്, വി.ഡി. ഷാജു, ജോയ്സ് ജോണ്, എം.ജി. വിനു എന്നിവർ പ്രസംഗിച്ചു.