ഉപരിപഠനം: മലബാറിനെ സർക്കാർ അവഗണിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
1299970
Sunday, June 4, 2023 7:35 AM IST
കൽപ്പറ്റ: ഉപരി പഠന മേഖലയിൽ മലബാറിനെ സർക്കാർ അവഗണിക്കുകയാണെന്ന് മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലക്കിടിയിൽ കോഴിക്കോട് ജില്ലാ മുസ്്ലിം ലീഗ് നേതൃക്യാന്പ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
മികച്ച മാർക്കോടെ എസ്എസ്എൽസി പാസായവർക്കുപോലും പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത സ്ഥിതിയാണ് മലബാറിൽ. ഇതിനു പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ല. ഏകജാലക പ്രവേശനത്തിൽ അശാസ്ത്രീയ രീതി തുടരുകയാണ്.
പഠിക്കാൻ സാഹചര്യമില്ലാതെ കുട്ടികൾ ആശങ്കയിലായിട്ടും സർക്കാർ അനങ്ങുന്നില്ല. സർക്കാരിന്റെ മലബാറിനോടുള്ള അവഗണനക്കെതിരേ എട്ടിന് കളക്ടറേറ്റുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിം ലീഗ് നേതാക്കളായ എം.സി. മായിൻ ഹാജി, എം.എ. റസാഖ് , ടി.ടി. ഇസ്മായിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.