വയനാട് മെഡിക്കൽ കോളജിൽ രക്തദാന ക്യാന്പുകൾ നിലച്ചു
1299592
Saturday, June 3, 2023 12:11 AM IST
മാനന്തവാടി: സ്ക്രിനിംഗ് കിറ്റ് ലഭിക്കാത്തതിനാൽ രക്തദാന ക്യാന്പുകൾ നിലച്ചു. ഇതോടെ മെഡിക്കൽ കോളജിൽ രക്ത ക്ഷാമവും രൂക്ഷവമായി.
നിലവിൽ രക്തം സ്വീകരിക്കുന്നതിന് പകരം രക്തം കൊടുക്കുന്ന രീതിയാണ്. ഇതും ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കും. പ്രശ്ന പരിഹാരം ഉടൻ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കോണ്ഗ്രസ് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി സ്ക്രിനിംഗ് കിറ്റുകൾ ലഭിക്കാത്തതിനാലാണ് രക്തദാന ക്യാന്പുകൾ മുടങ്ങുന്നത്.
മെഡിക്കൽ കോളജിൽ പ്രതിദിനം 20 മുതൽ 30 വരെ വിവിധ ഗ്രൂപ്പുകളിലെ രക്തം ആവശ്യമായി വരും. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളും രക്തത്തിന് ആശ്രയിക്കുന്നത് വയനാട് മെഡിക്കൽ കോളജിനെയാണ്. മെഡിക്കൽ ഉപകരണങ്ങളും അവശ്യ സമഗ്രികളും വിതരണം ചെയ്യുന്ന ഏജൻസിക്ക് 80ലക്ഷത്തോളം രൂപ കടമുള്ളതിനാൽ അവർ റീ ഏജന്റ് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം പതിനഞ്ചിന് പണം നൽകാം എന്ന ഉറപ്പിൽ വാങ്ങിയ സ്ക്രിനിംഗ് കിറ്റ് ഉളളതിനാലാണ് ബ്ലഡ് ബാങ്ക് പ്രവർത്തനം നിലയ്ക്കാത്തത്. പ്രതിസന്ധി പരിഹരിക്കാൻ അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും ഇല്ലേങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡിസിസി സെക്രട്ടറി എ.എം. നിഷാന്ത് പറഞ്ഞു.