കൽപ്പറ്റ: ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജൈവ വിഭവങ്ങളെക്കുറിച്ച് പ്രദേശവാസികൾക്കുള്ള അറിവ് ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പിബിആർ വിവരശേഖരണ കാന്പയിന് ജില്ലയിൽ തുടക്കമായി.
ഓരോ പഞ്ചായത്തുകളിലും ജൈവവൈവിധ്യ സംരക്ഷണ കർമ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായാണ് ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളാണ് പിബിആറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ, ആദ്യഭാഗത്തിൽ ഇല്ലാത്ത അധിക വിവരങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് ശാസ്ത്രീയമായി പരിഷ്കരിച്ച് പിബിആർ രണ്ടാം ഭാഗം തയാറാക്കുന്നത്. വെള്ളമുണ്ട, എടവക, കണിയാന്പറ്റ, മീനങ്ങാടി, പൊഴുതന, നൂൽപ്പുഴ, പുൽപ്പള്ളി പഞ്ചായത്തുകളിലും ബത്തേരി, കൽപ്പറ്റ മുനിസിപ്പാലിറ്റികളിലുമാണ് വിവശേഖരണത്തിന് ഫണ്ട് വകയിരുത്തിയത്. നിലിവൽ വെള്ളമുണ്ട, എടവക പഞ്ചായത്തുകളിൽ വിവരശേഖരണം പൂർത്തിയായി.