റോഡ് നിർമാണത്തിൽ അപാകതയെന്ന്; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
1299586
Saturday, June 3, 2023 12:11 AM IST
പുൽപ്പള്ളി: പുതുതായി നിർമിക്കുന്ന കാപ്പിസെറ്റ് - പയ്യംന്പള്ളി റോഡ് പുൽപ്പള്ളി ടൗണിലൂടെ കടന്നു പോകുന്പോൾ വേണ്ടത്ര ഡ്രൈനേജ് സൗകര്യം ഉറപ്പുവരുത്താത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തുമെന്ന് പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആറിന് പുൽപ്പള്ളിയിലെ വ്യാപാരികൾ കടകളടച്ചാണ് വ്യാപാരികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചിരിക്കുന്നത് . റോഡ് ഉയർത്തി പണിതത് മൂലം ട്രാഫിക് ജംഗ്ഷൻ മുതൽ അനശ്വര ജംഗ്ഷൻ വരെയുള്ള ഒരു ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കെല്ലാം മലിനജലം കയറുകയാണ്.
നിരവധി തവണ പഞ്ചായത്ത്, എംഎൽഎ, കേരള റോഡ് ഫണ്ട് ബോർഡ് എൻജിനിയർ, കരാറുകാരായ യുഎൽസിസിഎസ് എന്നിവർക്ക് പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ഇതേത്തുടർന്നാണ് സമര പരിപാടികൾക്ക് നിർബന്ധിതരായിരിക്കുന്നത്.
കാലവർഷമാരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മെയിൻ ട്രാഫിക് ജംഗ്ഷനിൽ നിന്നും ചുണ്ടക്കൊല്ലി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഓടകൾ വൃത്തിയാക്കുന്നതോടൊപ്പം രണ്ട് കൊല്ലത്തോളമായി തകർന്ന് കിടക്കുന്ന 100 മീറ്റർ മാത്രമുള്ള ചുണ്ടക്കൊല്ലി റോഡ് ടാർ ചെയ്ത് വൃത്തിയാക്കുകയും ചെയ്യണം.
റോഡ് ഉയർത്തി പണിതപ്പോൾ റോഡിനേക്കാൾ താഴെയായ ഫുട്പാത്ത് ഉയർത്തിപ്പണിയുകയും ബത്തേരി റോഡിലേക്ക് പുതിയ ഓട നിർമിക്കുകയും ചെയ്യണം.
വാർത്ത സമ്മേളനത്തിൽ മാത്യു മത്തായി ആതിര, ഇ.ടി. ബാബു, അജിമോൻ, ബേബി മേത്രട്ടയിൽ, കെ. ജോസഫ്, പി.സി. ടോമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.